തിരുവനന്തപുരം: ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും പുനരധിവാസം വേഗത്തിലാക്കണമെന്ന് ടി. സിദ്ദീഖ് എംഎല്‍എ. മുണ്ടക്കൈ ദുരന്തത്തിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസം എന്നാല്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയുന്നത് മാത്രമല്ലെന്നും വിദ്യാഭ്യാസ ആരോഗ്യ സാമൂഹിക വശങ്ങള്‍ പരിഗണിക്കുന്ന സമഗ്രമായ പുനരധിവാസം വേണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു.
ജില്ലയുടെ ദുരന്തനിവാരണത്തെ ചുമതലയുള്ള കലക്ടര്‍ക്കറെ മാറ്റിയത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വീഴ്ച്ചയുണ്ടാകാന്‍ കാരണമായി. പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിച്ചു പിന്തുണ പ്രഖ്യാപിച്ചു. പക്ഷെ അടിയന്തര സഹായം പോലും നല്‍കിയില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് വയനാട്ടിലെ ജനങ്ങള്‍ ചോദിക്കുന്നുണ്ട്. സിദ്ദീഖ് സഭയില്‍ പറഞ്ഞു.
ദുരന്തബാധിതരില്‍ ലോണെടുത്തവര്‍ നിരവധി പേരുണ്ടെന്നും അവരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടും ഇന്നു വരെ അതിന് തയ്യാറായിട്ടു പോലുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാവപ്പെട്ടവരുടെ കടങ്ങള്‍ എഴുതിത്തള്ളാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണം. ശ്രുതിക്ക് ജോലി കൊടുക്കാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.