ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് പരിക്കുമൂലം പുറത്തായ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് പകരം ഇന്ത്യന്‍ ടീമിലിടം നേടി പേസ് ബൗളര്‍ മുഹമ്മദ് ഷമി.നേരത്തേ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ റിസര്‍വ് താരങ്ങളിലൊരാളായിരുന്നു ഷമി.ബുമ്രയുടെ പകരക്കാരനായി ഷമി എത്തുമ്പോള്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയില്‍ ഷമിയുടെ പകരക്കാരനായി മുഹമ്മദ് സിറാജ് ഇടം നേടി.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് താരം ടീമില്‍ നിന്ന് പുറത്തായി. ബുംറയ്ക്ക് പകരം ഷമിയെ കളിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും താരത്തിന് കോവിഡ് പിടിപെട്ടു.ടി20 ലോകകപ്പില്‍ പങ്കെടുക്കാനായി ഈ മാസം ആറിന് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് പോകും മുമ്പെ ബുമ്ര പരിക്കേറ്റ് പുറത്തായിരുന്നെങ്കിലും പകരക്കാരനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നില്ല. ബുമ്രയുടെ പകരക്കാരന്‍ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ച ഷമി ഫിറ്റ്നെസ് ടെസ്റ്റ് പൂര്‍ത്തിയാകാതിരുന്നതായിരുന്നു പ്രഖ്യാപനം വൈകിപ്പിക്കാന്‍ കാരണമായത്. എന്നാല്‍ കഴിഞ്ഞ ദിവസം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്നെസ് ടെസ്റ്റ് ഷമി വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് ബിസിസിഐ ഔദ്യോഗികമായി ഷമിയുടെ പേര് 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയത്.