നയൻതാര-വിഘ്‌നേഷ് ദമ്പതികളുടെ വാടക ഗർഭധാരണം സംബന്ധിച്ച അന്വേഷണം തമിഴ്‌നാട് സർക്കാർ ആരംഭിച്ചു. സംഭവത്തിൽ നിയമ ലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയാനായി അന്വേഷണം നടത്തുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. എല്ലാ രേഖകളും സ്ഥാപിത നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഗർഭംധരിച്ച സ്ത്രീയെ പ്രവേശിപ്പിച്ച ആശുപത്രി സന്ദർശിച്ച് രേഖകൾ ശേഖരിക്കുമെന്ന് മന്ത്രി അറിയിച്ചു. പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ ദമ്പതികളോട് വിശദീകരണം തേടുമെന്നും ഒരാഴ്ചയ്ക്ക് അകം റിപ്പോർട്ട് നൽകാൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെയാണ് ഇരട്ടകുട്ടികളുടെ മാതാപിതാക്കളായെന്ന വിവരം വിഘ്‌നേഷും നയൻതാരയും സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. പിന്നാലെ സൈബർ ഇടം വലിയ ചർച്ചകൾക്ക് വേദിയായി. വിവാഹം കഴിഞ്ഞ് നാല് മാസമായപ്പോഴാണ് ദമ്പതികൾ മാതാപിതാക്കൾ ആയ വിവരം അറിയിച്ചത്. വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങൾ ഉണ്ടായതെന്ന് താരങ്ങളുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. പിന്നാലെ സംഭവത്തിൽ നിയലംഘനം നടന്നിട്ടുണ്ടെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തി. സംഭവത്തിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിയമ പ്രകാരം വാടക ഗർഭധാരണത്തിലൂടെ ഒരു കുട്ടി ജനിക്കുന്നതിന് ദമ്പതികൾ യോഗ്യത സർട്ടിഫിക്കറ്റ് വാങ്ങണം. ഭാര്യക്ക് 25-50 വയസിനും ഭർത്താവിന് 26-55 വയസിനും ഇടയിലാണെങ്കിൽ മാത്രമേ യോഗ്യരായി കണക്കാക്കുകയുള്ളു. ദമ്പതികൾക്ക് പിറന്നതോ ദത്തെടുത്തതോ ആയ കുട്ടി ഉണ്ടാകരുത്. മാനസികമോ ശാരീരികമോ ആയ വൈകല്യമുള്ള ഒരു കുട്ടി, അല്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്ന അസുഖമോ ഉള്ള ഒരു കുട്ടിയുള്ള ദമ്പതികളെ മേൽപ്പറഞ്ഞ മാനദണ്ഡത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.