ആന്ധ്രപ്രദേശ്: ബാങ്കിൽ നിന്ന് ലോണെടുത്തവർ കൃത്യമായി തിരിച്ചടവ് നടത്താത്തത് കാരണം കടുത്ത ജോലി സമ്മർദ്ദവും സാമ്പത്തിക ബാധ്യതയും താങ്ങാനാകാതെ ബാങ്ക് മാനേജർ ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ കാകിനാഡ ജില്ലയിലെ പിതപുരം സ്വദേശിയായ വിസപ്രഗത ശ്രീകാന്ത് ആണ് മരിച്ചതെന്ന് പ്രാദേശിക പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പുതുച്ചേരിയിലെ യാനത്തുള്ള ബാങ്കിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു ശ്രീകാന്ത്. യാനത്തെ യൂക്കോ ബാങ്കിലാണ് ജോലി ചെയ്തിരുന്നത്.
യാനത്തെ ഗോപാൽ നഗറിലുള്ള എച്ച്പി ഗ്യാസ് കമ്പനിക്ക് സമീപമുള്ള വാടകവീട്ടിലാണ് ശ്രീകാന്ത് താമസിച്ചിരുന്നത്. ഈ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ ഗായത്രിയും രണ്ട് മക്കളും അടങ്ങുന്നതാണ് ശ്രീകാന്തിൻെറ കുടുംബം. ഇവരും യാനത്തുള്ള വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്.
ബാങ്ക് മാനേജരായ ശ്രീകാന്തിന് പല ഭാഗത്ത് നിന്നും സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഓരോ മാസവും നിശ്ചിത ലക്ഷ്യം പൂർത്തിയാക്കണമെന്ന് മേലുദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഇത് കൈവരിക്കുന്നതിനായുള്ള ശ്രമങ്ങളാണ് ശ്രീകാന്തിനെ വലിയ പ്രതിസന്ധിയിലെത്തിച്ചത്.
ലക്ഷ്യം പൂർത്തിയാക്കുന്നതിന് വേണ്ടി അദ്ദേഹം നിരവധി പേർക്ക് ലോൺ നൽകി. വ്യക്തിപരമായ ലോണുകളും ഹോം ലോണുകളും വിദ്യാഭ്യാസ ലോണുകളുമെല്ലാം അനുവദിച്ചു. എന്നാൽ ലോണെടുത്തവരിൽ ഭൂരിപക്ഷം പേരും കൃത്യമായി തിരിച്ചടവ് നടത്തിയില്ല. ഇത് ശ്രീകാന്തിനെ വലിയ സമ്മർദ്ദത്തിലാക്കി.
ലോണെടുത്തവരിൽ നിന്ന് തിരിച്ചടവ് ലഭ്യമാക്കുന്നതിന് വേണ്ടി ശ്രീകാന്ത് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നടന്നില്ലെന്ന് പോലീസ് പറയുന്നു. തിരിച്ചടവ് വൈകിയതോടെ ബാങ്കിൻെറ മേലുദ്യോഗസ്ഥരിൽ നിന്നും ശ്രീകാന്തിന് കൂടുതൽ സമ്മർദ്ദം ഉണ്ടായി. ഒടുവിൽ സാമ്പത്തിക ബാധ്യതകൾ ഏതെങ്കിലും തരത്തിൽ ശരിയാക്കണമെന്ന് കരുതി അദ്ദേഹം അറിയുന്ന ചില വ്യക്തികളിൽ നിന്ന് പണം പലിശയ്ക്ക കടം വാങ്ങി.
ഇതിനിടയിൽ വീണ്ടും ലോണെടുത്തവരെ പലരെയും സമീപിച്ചെങ്കിലും ഗുണമൊന്നുമുണ്ടായില്ല. തിരിച്ചടവ് വൈകിയതിനെ തുടർന്ന് മിക്കവരുടെയും പലിശ നിരക്കും ഉയർന്ന് കൊണ്ടിരുന്നു. ലോൺ അനുവദിച്ച ശ്രീകാന്തിന് തന്നെയായിരുന്നു ഇതിൻെറയെല്ലാം ഉത്തരവാദിത്വം. ഇതിനിടയിൽ കടം വാങ്ങിയവർക്ക് പണം തിരികെ നൽകാനും ശ്രീകാന്തിന് സാധിച്ചില്ല. കുടുംബത്തെ പോറ്റുന്നതോടൊപ്പെ മറ്റ് ബാധ്യതകൾ കൂടി തീർക്കാൻ ഉതകുന്നതായിരുന്നില്ല അദ്ദേഹത്തിന് ലഭിച്ചിരുന്ന ശമ്പളം.
ബാങ്ക് ഇടപാടുകളിലെ വലിയ വൈരുധ്യം ശ്രീകാന്തിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി. മാസം കിട്ടിയിരുന്ന ശമ്പളത്തിൽ നിന്ന് കുടുംബത്തിൻെറ കാര്യങ്ങൾ പോലും നോക്കാൻ പറ്റാത്ത അവസ്ഥ വരികയും ചെയ്തതോടെയാകാം ശ്രീകാന്ത് ആത്മഹത്യം ചെയ്യാൻ തീരുമാനിച്ചതെന്നാണ് പോലീസിൻെറ നിഗമനം. ജോലി സ്ഥലത്തെ പ്രശ്നങ്ങളോ സാമ്പത്തിക ബാധ്യതകളോ ഒന്നും തന്നെ ഇദ്ദേഹം മറ്റാരെയും അറിയിച്ചിരുന്നില്ല. ശ്രീകാന്തിൻെറ ബുദ്ധിമുട്ടുകളെക്കുറിച്ച് കുടുംബത്തിനും വ്യക്തമായ ധാരണ ലഭിച്ചിരുന്നില്ല. ഒടുവിൽ ലോൺ എടുത്തവർ പണം തിരിച്ചടയ്ക്കാത്തതിൻെറ പേരിൽ ശ്രീകാന്തിന് സ്വന്തം ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വന്നു. ആന്ധ്ര സ്വദേശിയായ ശ്രീകാന്ത് ജോലിയുടെ ഭാഗമായി കുടുംബത്തോടൊപ്പം പോണ്ടിച്ചേരിയിൽ വന്ന് സ്ഥിരതാമസം ആക്കിയതായിരുന്നു.