കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ് നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ അറസ്റ്റ് ചെയ്തെന്ന വാർത്ത നിഷേധിച്ച് ഇ ഡി . അശോകിനെ ഇന്നലെ ഉച്ചയോടെ കൊച്ചി വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുത്തുവെന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ.ചെന്നൈയിൽ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തി അശോക് കുമാറിനെ പിടികൂടിയതെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അറസ്റ്റ് ഉണ്ടായിട്ടില്ലെന്ന് വിശദമാക്കി ഇ ഡി വാർത്തകുറിപ്പ് പുറത്തിറക്കി.
നേരത്തെ സെന്തിൽ ബാലാജിയുടെ അറസ്റ്റ് ഇഡി സ്ഥിരീകരിച്ചത് അദ്ദേഹത്തിന്റെ ഭാര്യ ഹെബിയസ് കോർപ്പസ് ഹർജി നൽകിയ ശേഷമാണ്. ശനിയാഴ്ച സെന്തിൽ ബാലാജിക്കെതിരെ ഇഡി ചെന്നൈ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 3000- ത്തിലേറെ പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 2011 മുതൽ 2015 വരെ ജയലളിത മന്ത്രിസഭയിൽ അംഗമായിരുന്നു സെന്തിൽ ബാലാജി. അന്ന് ഗതാഗത മന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന ആരോപണങ്ങളെ തുടർന്നാണ് ബാലാജിക്കെതിരെ കേസ് എടുത്തതും പിന്നീട് ഇ ഡി എറ്റെടുക്കുന്നതും. 2018-ലാണ് ബാലാജി എഐഎഡിഎംകെ വിട്ട് ഡിഎംകെയിൽ എത്തിയത്. 2021 -ൽ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച് സ്റ്റാലിൻ മന്ത്രിസഭയിൽ അംഗമായി. അതിന് ശേഷമാണ് ബാലാജിക്കെതിരെയുള്ള അഴിമതി കേസ് ഇഡി ഏറ്റെടുക്കുന്നത്.

