കോഴിക്കോട്: ബീച്ച് ശുചീകരണത്തിന് ഒരു വർഷം നീളുന്ന ശുചിത്വ തീരം കോഴിക്കോട് പദ്ധതിയുമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി. ഈ പദ്ധതി അനുസരിച്ച് നഗരത്തിലെ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങൾ (കോളേജുകളും സ്കൂളുകളും) എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 3 30 മുതൽ 4 30 വരെ ശുചീകരണ പ്രക്രിയയിൽ പങ്കെടുക്കും. ഒരു സ്ഥാപനത്തിൽ നിന്ന് 30 എൻഎസ്എസ് വളണ്ടിയർമാർ ഈ പദ്ധതിയിൽ ഭാഗമാക്കാകും.
ബീച്ചിനെ 6 സെക്ടറുകളായി വിഭജിച്ച് ഒരു സെക്ടറിൽ 10 വിദ്യാർഥികളെ ഉൾപ്പെടുത്തും. ഒരേസമയം രണ്ട് സ്ഥാപനത്തിലെ വിദ്യാർത്ഥികൾ (30+30=60) ശുചീകരണം നടത്തും. ജൈവ അജൈവമാലിന്യങ്ങൾ പ്രത്യേകമായി തരംതിരിച്ച് ശേഖരിക്കും. പദ്ധതിയുമായി കോഴിക്കോട് കോർപ്പറേഷൻ, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കോഴിക്കോട് സിറ്റി സൗത്ത് യൂണിറ്റ് എന്നിവർ സഹകരിക്കും. കോഴിക്കോട് ബീച്ചിന് ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം എന്ന് സബ് ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ എംപി ഷൈജൽ ശുചീകരണ പദ്ധതി കോഡിനേറ്ററും പാരാ ലീഗൽ വളണ്ടിയറും എരഞ്ഞിപ്പാലം സെൻറ് സേവിയേഴ്സ് കോളേജ് പ്രിൻസിപ്പലുമായ പ്രൊഫസർ വർഗീസ് മാത്യു എന്നിവർ അറിയിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം നാളെ സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെഷൻ ജഡ്ജിയും ജില്ലാ നിയമസേവന അതോറിറ്റി ചെയർമാനുമായ സി പ്രദീപ്കുമാർ നിർവഹിക്കും. ചടങ്ങിൽ സബ് ജഡ്ജിയും ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയുമായ എംപി ഷൈജൽ അധ്യക്ഷത വഹിക്കും.