പാലക്കാട്: കർഷകർക്ക് ആശ്വാസ വാർത്ത. തെങ്ങും റബ്ബറുമുൾപ്പടെ കൂടുതൽ വിളകൾ കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ ഉൾപ്പെടുത്തി. ഹെക്ടറിന് ഒരു ലക്ഷം രൂപ വരെയാണ് പരിരക്ഷ. പദ്ധതിയിൽ ചെറുധാന്യക്കൃഷിയും കിഴങ്ങു വർഗങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളതും ആശ്വാസകരമാണ്. ഇതോടെ സംസ്ഥാന കൃഷിവകുപ്പിന്റെ ഇൻഷുറൻസിന് കീഴിൽ വരുന്ന മിക്ക വിളകൾക്കും കേന്ദ്രപദ്ധതിയുടെ പരിരക്ഷ ലഭിക്കും. വിളകൾ പൂർണമായി നശിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പ്രധാൻമന്ത്രി ഫസൽ ബീമ യോജന (പിഎംഎഫ്ബിവൈ)ക്ക് പുറമേയാണ് കാലാവസ്ഥാമാറ്റം മൂലമുള്ള കൃഷിനാശത്തിന് പരിരക്ഷ ലഭിക്കുന്ന പദ്ധതി.
കാലാവസ്ഥാ പ്രശ്നങ്ങൾ കാരണം വിളവിൽ കാര്യമായ കുറവുണ്ടായാലും ആനുകൂല്യം ലഭിക്കും. പൂർണമായി കൃഷി നാശമുണ്ടാകുന്നവർക്ക് മാത്രമേ സംസ്ഥാന കൃഷിവകുപ്പിന്റെ ഇൻഷുറൻസിൽ പരിരക്ഷ ലഭിക്കുകയുള്ളൂ. പത്തനംതിട്ട, ആലപ്പുഴ ജില്ലകളെക്കൂടി ഉൾപ്പെടുത്തി കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു. തുടർച്ചയായി വെള്ളം കയറി കൃഷി നശിക്കുന്ന കുട്ടനാട് മേഖലയിലടക്കം ഇനി ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
പദ്ധതിക്ക് കീഴിൽ വരുന്ന ഓരോ വിളയ്ക്കും വെവ്വേറെയുള്ള കാലാവസ്ഥാ ഘടകങ്ങൾ, അതു രേഖപ്പെടുത്തുന്ന രീതി തുടങ്ങിയ വിശദ വിവരങ്ങൾ അടുത്ത ദിവസം വിജ്ഞാപനം ചെയ്യും. ഇതുവരെ കാലാവസ്ഥാ സ്റ്റേഷനുകളുള്ള ജില്ലകളിലെ തിരഞ്ഞെടുത്ത കാർഷിക വിളകളാണ് കേന്ദ്രപദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്. പദ്ധതി വിപുലമാക്കുന്നതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും കാലാവസ്ഥാ സ്റ്റേഷനുകൾ ആരംഭിക്കും.

