കോളിളക്കം സൃഷ്‌ടിച്ച ആർ ജെ രാജേഷ് കൊലപാതക കേസിൽ രണ്ടാംപ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാംപ്രതി അപ്പുണ്ണി എന്നിവർ കുറ്റക്കാരാണെന്ന് കോടതി. തിരുവനന്തപുരം ഒന്നാംക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തെളിവുകളുടെ അഭാവത്തിൽ കേസിലെ ഒമ്പത് പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു.
2018 മാര്‍ച്ച് 18-നാണ് റേഡിയോ ജോക്കി ആയിരുന്ന മടവൂർ പടിഞ്ഞാറ്റേൽ ആശാഭവനിലെ രാജേഷിനെ ക്വട്ടേഷൻ സംഘം വെട്ടിക്കൊന്നത്. മടവൂരില്‍ രാജേഷിന്റെ ഉടമസ്ഥതയിലുള്ള റെക്കോഡിങ് സ്റ്റുഡിയോയില്‍വെച്ചായിരുന്നു സംഭവം. രാജേഷിന്റെ സുഹൃത്തായ കുട്ടനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കേസിലെ ഏകദൃക്‌സാക്ഷിയും ഇയാളായിരുന്നു.
ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുള്‍ സത്താറാണ് രാജേഷ് കൊലക്കേസിലെ ഒന്നാംപ്രതി. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി മുന്‍പ് ഖത്തറില്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷിനുണ്ടായ അടുപ്പമാണ് കൊലപാതകത്തിന് കാരണമായത്. രാജേഷുമായുള്ള ഭാര്യയുടെ വഴിവിട്ട സൗഹൃദം കാരണം സത്താറിന്റെ കുടുംബം തകര്‍ന്നിരുന്നു. ഇതിനു പ്രതികാരമായി സത്താര്‍ നല്‍കിയ ക്വട്ടേഷനായിരുന്നു രാജേഷിന്റെ കൊലപാതകം.
കേസിലെ രണ്ടാംപ്രതിയും സത്താറിന്റെ ജീവനക്കാരനുമായ ഓച്ചിറ മേമന പനച്ചമൂട്ടില്‍ സ്വദേശി മുഹമ്മദ് സാലിഹ് എന്ന സാലി ഖത്തറില്‍നിന്ന് നേരിട്ടെത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. സാലി തന്റെ സുഹൃത്തും സാത്താന്‍ ചങ്ക്‌സ് എന്ന ക്വട്ടേഷന്‍ സംഘത്തിന്റെ തലവനുമായ കായകുളം പുള്ളിക്കണക്ക് ദേശത്തിനകം സ്വദേശി അപ്പുണ്ണി എന്ന അപ്പുവിനെയാണ് കൊലപാതകത്തിന് കൂട്ടുപിടിച്ചത്. അപ്പുണ്ണിയുടെ സംഘാംഗങ്ങളും സാലിഹും നേരിട്ടെത്തിയാണ് ആക്രമണം നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
2018 മാര്‍ച്ച് 18-ന് പുലര്‍ച്ചെ രണ്ടിനാണ് പ്രതികള്‍ മടവൂരുള്ള രാജേഷിന്റെ മെട്രാസ് മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്ന റെക്കോഡിങ് സ്റ്റുഡിയോയിലിട്ട് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.കൊല്ലം ആസ്ഥാനമായുള്ള നൊസ്റ്റാള്‍ജിയ എന്ന നാടന്‍ പാട്ട് സംഘാംഗങ്ങളായിരുന്നു രാാജേഷും കുട്ടനും. ഇരുവരും സമീപത്തെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കലാപരിപാടിക്ക് പാട്ട് പ്രാക്ടീസ് ചെയ്യുമ്പോഴായിരുന്നു പ്രതികളുടെ ആക്രമണം.