കെടി ജലീല്‍ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതുകൊണ്ടു പ്രശ്നത്തിന്റെ ഗൗരവം അവസാനിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാകിസ്താന്റെ ഭാഷയില്‍ സംസാരിച്ച ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ലെന്നും അദ്ദേഹം പാകിസ്താനിലേക്ക് പോകണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വയനാട് നടക്കുന്ന തിരംഗ യാത്ര ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം.
കെ.ടി ജലീലിന് ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശമില്ല. അതിനാല്‍ പാകിസ്താനിലേക്ക് പോകണം. വിവാദ പ്രസ്താവനയില്‍ മാപ്പ് പറയാന്‍ കെ.ടി ജലീല്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യയുടെ ഭരണഘടനയെയും സൈന്യത്തെയും കെ.ടി ജലീലിന് ബഹുമാനമില്ല. അങ്ങനെയൊരാളുടെ സ്ഥാനം പാകിസ്താനിലാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.
ജലീല്‍ നിയമനടപടി നേരിടണം എംഎല്‍എ സ്ഥാനം രാജിവയ്ക്കണം. പരാമര്‍ശത്തില്‍ രാജ്യത്തോട് മാപ്പു പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജലീല്‍ മലയാളികളെ ആകെ അപമാനിച്ചിരിക്കുകയാണ്. ജലീലിന്റെത് നാക്കുപിഴയല്ലെന്നും ഇത് എഴുതി തയ്യാറാക്കി പറഞ്ഞതാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്വാതന്ത്ര്യ സമയരത്തെ വളച്ചൊടിക്കാനുള്ള നീക്കം കേരളത്തിലടക്കം നടക്കുന്നു. വിഭജനത്തിന്റെ ശക്തികള്‍ നമ്മുടെ നാട്ടില്‍ നില്‍ക്കുന്നു എന്നതിനുള്ള ഉദാഹരണമാണ് ജലീലിന്റെ പ്രസ്താവന. പാകിസ്താന്‍ ചാരനെപ്പോലെയാണ് ജലീലിന്റെ വാക്കുകള്‍. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് കൊണ്ട് പ്രശ്നം തീരുന്നില്ല. ഇന്ത്യന്‍ അതിര്‍ത്തി അംഗീകരിക്കാത്ത ജലീലിനെതിരെ നിയമ നടപടി സ്വീകരിക്കണം. ജലീല്‍ മാപ്പ് പറയണം. ജലീലിനെതിരെ ബിജെപി പ്രതിഷേധം കടുപ്പിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.