കെ ടി ജലീലിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ കടുത്ത വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്ത്. കെ ടി ജലീലിന് എങ്ങനെയാണ് ആസാദി കശ്മീരെന്ന് പറയാന്‍ കഴിയുന്നത്. മുഖ്യമന്ത്രി എന്തുകൊണ്ടാണ് അദ്ദേഹത്തെ തള്ളി പറയാത്തതെന്നും വേണുഗോപാല്‍ ചോദിച്ചു. ഇത്തരക്കാരെ പുറത്താക്കി വേണം ദേശാഭിമാനത്തെ കുറിച്ച് സംസാരിക്കാന്‍ എന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് ദേശീയ പതാകയെ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ആര്‍എസ്എസ് ആസ്ഥാനത്ത് ത്രിവര്‍ണ പതാക വര്‍ഷങ്ങളോളം ഉയര്‍ത്തിയിട്ടില്ല. ഇപ്പോള്‍ ആര്‍എസ്എസ് പ്രൊഫൈലുകള്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ സന്തോഷം. കമ്യൂണിസ്റ്റ് പാര്‍ട്ടിയും സ്വാതന്ത്ര്യത്തെ അംഗീകരിച്ചിരുന്നില്ല എന്നോര്‍ക്കണമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
വിവാദങ്ങള്‍ക്കിടെ ഇന്ന് ഡല്‍ഹിയില്‍ നിന്നും കെ ടി ജലീല്‍ കേരളത്തില്‍ മടങ്ങിയെത്തിയിട്ടുണ്ട്. പാക് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും ജമ്മു കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീരെന്നും ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് ആസാദ് കശ്മീരെന്ന പരാമര്‍ശത്തിലെ ആസാദ് ഇന്‍വെര്‍ട്ടഡ് കോമയിലാണ് എഴുതിയതെന്ന വിശദീകരണവുമായി ജലീല്‍ രംഗത്തെത്തി. അര്‍ത്ഥം മനസ്സിലാകാത്തവരോട് സഹതാപം തോന്നുന്നുവെന്നും ജലീല്‍ പ്രതികരിച്ചു.
അതേസമയം കശ്മീരിനെ കുറിച്ചുള്ള കെ ടി ജലീല്‍ എംഎല്‍എയുടെ വിവാദ പോസ്റ്റില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കശ്മീരിനെ കുറിച്ചുള്ള പരാമര്‍ശം അംഗീകരിക്കാനാവില്ല. പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല. ഫെയ്‌സ്ബുക്ക് പോസ്റ്റ് വേദന ഉണ്ടാക്കിയെന്നും, നിര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ പരേഡില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ഇത്രയും അപമാനകരമായ ഒരു പരാമര്‍ശത്തെ കുറിച്ച് നമ്മള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളില്‍ എങ്ങിനെയാണ് ഇതൊക്കെ പറയാന്‍ കഴിയുതെന്നും അദ്ദേഹം ചോദിച്ചു.