ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ടമരണത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സിപിഒ റെനീസിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. റെനീസിന്റെ പെണ്‍സുഹൃത്ത് ഷഹാന രണ്ടാംപ്രതിയാണ്. കുട്ടികളെ കൊന്ന് നജ്ല ആത്മഹത്യ ചെയ്തത് റെനീസിന്റെയും ഷഹാനയുടെയും ഭീഷണിയെ തുടര്‍ന്നാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പൊലീസ ക്വാര്‍ട്ടേഴ്സില്‍ എത്തിയാണ് ഷഹാന ഭീഷണിപ്പെടുത്തിയത്. ഇതിന് പിന്നാലെ മെയ് 10ന് മക്കളെ കൊലപ്പെടുത്തി നജ്‌ല ആത്മഹത്യ ചെയ്യുകയായിരുന്നു. ഷഹാന ക്വാര്‍ട്ടേഴ്സിലെത്തി നജ്‌ലയുമായി വഴക്കിടുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. റെനീസിന്റെ നിരന്തര പീഡനങ്ങളും, പരസ്ത്രീ ബന്ധവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
66 സാക്ഷികളും 38 രേഖകളുമാണ് കേസിലുള്ളത്. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നിവ ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാ നിയമം 150, 306, 498(മ), 34 എന്നീ വകുപ്പുകളും ബാലാവകാശനിയമത്തിലെ 75-ാം വകുപ്പ് പ്രകാരവുമാണ് റെനീസിനും ഷഹാനയ്ക്കുമെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ജാമ്യവ്യവസ്ഥ ലംഘിച്ച റെനീസിന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു. ആലപ്പുഴ മെഡിക്കല്‍ കോളേജ് പൊലീസ് എയ്ഡ്പോസ്റ്റിലെ സിപിഒയായ റെനീസ് എല്ലാ ശനിയാഴ്ച്ചയും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയാണ് ലംഘിച്ചത്.
മകളുടെയും കുട്ടികളുടെയും മരണത്തിന് കാരണം ഭര്‍ത്താവും സിവില്‍ പോലിസ് ഓഫിസറുമായ റെനീസാണെന്നു ചൂണ്ടിക്കാട്ടി നജ്‌ലയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു അന്വേഷണം. റെനീസിനെ സഹായിക്കുന്ന തരത്തിലാണ് കേസിന്റെ അന്വേഷണം എന്ന് ആരോപിച്ച് നജ്ലയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ആലപ്പുഴ എസ്പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കേസ് അന്വേഷണം നടത്തിയത്.

