സോളാര്‍ പീഡന കേസില്‍ ഹൈബിന്‍ ഈഡന്‍ എംപിക്ക് എതിരെ തെളിവില്ലെന്ന് സിബിഐ. സോളാര്‍ കേസ് പ്രതി നല്‍കിയ പരാതിയില്‍ അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ച് സോളാര്‍ കേസ് പ്രതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹൈബി ഈഡന് എതിരെ കേസെടുത്തത്. സംസ്ഥാന സര്‍ക്കാരാണ് കേസ് സിബിഐക്ക് കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട് സിബിഐ സംഘം ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ നല്‍കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ല. കേസില്‍ ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും സിബിഐ പറയുന്നു. കേസ് അവസാനിപ്പിക്കുന്നുവെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചു.
അതേസമയം മറ്റ് കേസുകളില്‍ അന്വേഷണം തുടരുകയാണെന്ന് സിബിഐ അറിയിച്ചു. ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് അന്വേഷണ സംഘം എംഎല്‍എ ഹോസ്റ്റലില്‍ പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു. സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു സോളാര്‍ കേസ് പ്രതി പരാതി നല്‍കിയത്.
കേരള പൊലിസിന്റെ പ്രത്യേക സംഘത്തിനും ഹൈബി ഈഡന്‍ എംപിക്കെതിരെ തെളിവ് കണ്ടെത്താനായിരുന്നില്ല. സോളാര്‍ കേസ് പ്രതിയുടെ പരാതി വ്യാജമെന്നാണ് തുടക്കം മുതലേ കോണ്‍ഗ്രസ് വാദിച്ചത്. കേസ് സിബിഐക്ക് വിട്ടതിനെ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ക്കുകയും വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിരുന്നു. നാലു വര്‍ഷത്തോളം കേരള പൊലിസ് അന്വേഷിച്ച കേസാണിത്. തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്ന്, കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പാണ് കേസ് സിബിഐക്ക് കൈമാറിയത്.

