ശ്രീനഗര്‍: പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ . സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം മേഖലയില്‍ ഉണ്ടായിരുന്നില്ല . വിനോദസഞ്ചാരികളെ ഭീകരര്‍ ലക്ഷ്യമിടില്ലെന്നാണ് കരുതിയത്. പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മനോജ് സിന്‍ഹ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ 82 ദിവസം വേണ്ടി വന്നുവെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ഭീകരാക്രമണത്തിലെ സുരക്ഷ വീഴ്ച കേന്ദ്രം തള്ളിപ്പറയുമ്പോഴാണ് ഗവര്‍ണറുടെ തുറന്നുപറച്ചില്‍ . വിദേശികള്‍ അടക്കം 26 പേര്‍ക്ക് നേരെ നിറയൊഴിച്ച പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷ വീഴ്ച്ച ഉണ്ടായി എന്നാണ് മനോജ് സിന്‍ഹ സമ്മതിക്കുന്നത്. ഭീകരര്‍ വിനോദസഞ്ചാരികളെ ഉന്നം വെക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം ബൈസരന്‍ വാലി മേഖലയില്‍ സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ആക്രമണത്തിന്റെ പ്രാദേശിക സഹായങ്ങള്‍ ലഭിച്ചു എന്നും രാജ്യത്തിന്റെ ആത്മാവിനെ ഇല്ലാതാക്കിയ സംഭവമാണ് പകല്‍കാമില്‍ നടന്നതെന്നും മനോജ് സിന്‍ഹ പറയുന്നു. .

