സംസ്ഥാനത്തെ ആരോഗ്യവകുപ്പ് പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭരണപക്ഷത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. ഒച്ചവെച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാനാകില്ലെന്നും, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്നും വി ഡി സതീശന്‍ പറഞ്ഞു.
അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസില്‍ വിചിത്രമായ മറുപടികളാണ് മന്ത്രിമാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. 2013-ല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌ക്കരിച്ച നിരവധി പദ്ധതികളിലൂടെ അട്ടപ്പാടിയിലെ ശിശു മരണ നിരക്ക് കുറച്ച് കൊണ്ടുവരാന്‍ സാധിച്ചു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ശിശു മരണ നിരക്ക് വര്‍ധിച്ചിട്ടുണ്ട്. മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി നാല് കിലോമീറ്റര്‍ നടന്ന പിതാവിന്റെ ദൃശ്യം വല്ലാതെ വേദനിപ്പിച്ചതാണ്. ഒരു മാസത്തിനിടെ നാല് നവജാതശിശുക്കാളാണ് മരണപ്പെട്ടത്. അമ്മമാരുടെ പോഷകാഹാരക്കുറവും പ്രസവാനന്തര ജനനാനന്തര ശുശ്രൂഷകളും നടക്കുന്നില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 192 ഊരുകളില്‍ 192 കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചിരുന്നു. അവ ഒന്നൊന്നായി നിര്‍ത്തിക്കൊണ്ടിരിക്കുയാണ്. ഒരാള്‍ പോലും പട്ടിണി കിടക്കില്ലെന്ന് ഉറപ്പ് വരുത്താനാണ് കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചത്. ആരോഗ്യ മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പായില്ല. ആശുപത്രിയുടെ പ്രവര്‍ത്തനവും പരിതാപകരമായ അവസ്ഥയിലാണ്. 2017 ല്‍ നൂറ് ബെഡ്ഡുകളുള്ള ആശുപത്രിയക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴും ഡോക്ടര്‍മാര്‍ പോലും ഇല്ലാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്‌കാനിങ് മെഷീന്‍ ഉണ്ടെങ്കിലും ടെക്നീഷ്യന്‍ ഇല്ല. നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള ഇന്‍ക്യുബേറ്ററുകളോ ശിശുരോഗ വിദഗ്ധനോ ഇല്ല. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സൂപ്രണ്ടിനെ ആരോഗ്യമന്ത്രി അനാവശ്യമായി ഇടപെട്ട് സ്ഥലം മാറ്റി. യോഗമുണ്ടെന്ന വ്യാജേന സൂപ്രണ്ടിനെ തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തിയ അതേ സമയത്താണ് മന്ത്രി അട്ടപ്പാടി സന്ദര്‍ശിച്ചത്. ഇതിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ സ്ഥലം മാറ്റി. അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതിക്ക് വേണ്ടി അനുവദിച്ച 12 കോടി രൂപ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിക്കാണ് നല്‍കിയത്. കോട്ടാത്തറ ട്രൈബല്‍ ആശുപത്രിക്ക് നല്‍കേണ്ട പണമാണ് പെരിന്തല്‍മണ്ണയിലെ ആശുപത്രിക്ക് നല്‍കിയത്. അട്ടാപ്പാടിയില്‍ ആരോഗ്യ വകുപ്പ് ദയനീയമായി പരാജയപ്പെട്ടു. മന്ത്രി സന്ദര്‍ശിച്ച് മടങ്ങുന്നതല്ലാതെ വിവിധ വകുപ്പുകളുടെ ഏകോപനമില്ല. ശിശു മരണങ്ങള്‍ കേരളത്തിന് തന്നെ അപമാനമാണ്. ശിശു മരണങ്ങള്‍ സര്‍ക്കാരിന്റെ അനാസ്ഥമൂലമുള്ള കൊലപാതകങ്ങളാണ്.
ബില്‍ അടയ്ക്കാത്തതിന് ആശുപത്രിയിലെ ഒരു വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചു. ആശുപത്രിയിലെ കാന്റീന്‍ പൂട്ടി. ഇത്തരം അപര്യാപ്തതകള്‍ ചൂണ്ടാക്കാണിച്ച എ ഷംസുദ്ദീന്‍ എം.എല്‍.എയ്ക്കെതിരെ ഭരപക്ഷാംഗങ്ങള്‍ പ്രകോപിതരായത് എന്തിനാണ്? 2011-ല്‍ 31 കുട്ടികള്‍ മരിച്ചെന്ന് പറഞ്ഞപ്പോള്‍ ഭരണപക്ഷാംഗങ്ങള്‍ കൈയ്യടിച്ചു. ഞങ്ങള്‍ വന്ന ശേഷം രണ്ടു പേര്‍ ചത്തെന്നും അത് നിങ്ങളുടെ ഗര്‍ഭമാണെന്നുമാണ് അന്നത്തെ മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ പറഞ്ഞത്.
ആരോഗ്യമന്ത്രി എം.എല്‍.എ അധിക്ഷേപിച്ചാണ് സംസാരിച്ചത്. ഓട് പൊളിച്ചല്ല, മൂന്നാം തവണയും ജയിച്ചു വന്ന എം.എല്‍.എയാണ് എ. ഷംസുദ്ദീന്‍. ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് മറുപടി പറയാതെ എം.എല്‍.എ അവിടെ പോകാറില്ലെന്നാണ് മന്ത്രി പറഞ്ഞത്. 99 പേര്‍ ഉണ്ടെന്ന് കരുതി കാണിക്കുന്ന ഈ അഹങ്കാരം ജനങ്ങള്‍ കാണുന്നുണ്ട്. 41 പേരുടെ ശബ്ദം അടപ്പിക്കാം എന്നാണോ കരുതുന്നത്? 99 പേര്‍ ഒന്നിച്ച് ഒച്ചയുണ്ടാക്കിയാലും ഞങ്ങള്‍ 41 പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ. പാവങ്ങളുടെ പ്രശ്നമാണ് നിയമസഭയില്‍ കൊണ്ടുവന്നത്. മറുപടിക്ക് പകരം പ്രകോപിപ്പിക്കാനാണ് ആരോഗ്യമന്ത്രി ശ്രമിച്ചത്. അഹങ്കാരവും ധാര്‍ഷ്ട്യവും അതിന്റെ പാരമ്യത്തില്‍ നില്‍ക്കുകയാണ്. നാലുമാസമായ കുഞ്ഞിന്റെ മൃതദേഹവുമായി പോയ അച്ഛന്റെ സങ്കടമാണ് പ്രതിപക്ഷം അവതരിപ്പിച്ചത്. അതിനെതിരെയാണ് ഭരണപക്ഷത്തിന്റെ ആക്രോശം. അതിന് മുന്നിലൊന്നും പ്രതിപക്ഷം മുട്ട് മടക്കില്ല.
ഒന്നര വര്‍ഷമായി ആരോഗ്യ വകുപ്പിന് സ്ഥിരം ഡയറക്ടറില്ല. ആശുപത്രികളില്‍ മരുന്ന് ക്ഷാമം ഉണ്ടെന്ന് നിയമസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരു ക്ഷാമവും ഇല്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. എന്നാല്‍ അതിന് തൊട്ടുപിന്നാലെ മരുന്ന് ക്ഷാമം പരിഹരിക്കാനുള്ള നടപടി പ്രഖ്യാപിച്ചു. മന്ത്രി ഇന്നലെയും സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇനി മുതല്‍ മരുന്ന് വാങ്ങുന്നതില്‍ കൃത്യത ഉണ്ടാകും എന്നാണ് പറഞ്ഞത്. കേരളത്തിലെ ഏറ്റവും മോശം വകുപ്പ് ആരോഗ്യവകുപ്പാണ്. ഇക്കാര്യം ചീഫ് സെക്രട്ടറി പോലും പറഞ്ഞു. കോവിഡ് ആശുപത്രിയില്‍ സാധാരണ നിലയില്‍ ആയെന്ന് അറിയാത്തത് ആരോഗ്യമന്ത്രിക്ക് മാത്രമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോലും റാബിസ് വാക്സിന്‍ ക്ഷാമമുണ്ടെന്നും വിഡി സതീശന്‍ ചൂണ്ടികാട്ടി.