മലപ്പുറം∙ കൊണ്ടോട്ടി കിഴിശ്ശേരി ആൾക്കൂട്ട കൊലപാതകത്തിൽ എട്ടുപേർ അറസ്റ്റിൽ. ബിഹാർ സ്വദേശി രാജേഷ് മാഞ്ചിയുടെ കൈകൾ പുറകിൽ കെട്ടിയാണ് മർദിച്ചതെന്ന് മലപ്പുറം എസ്പി സുജിത് ദാസ് പറഞ്ഞു. മരത്തിന്റെ കൊമ്പും പ്ലാസ്റ്റിക് പൈപ്പും ഉപയോഗിച്ചായിരുന്നു മർദനം.
ബിഹാറിലെ ഈസ്റ്റ് ചെമ്പാറൻ ജില്ലയിലെ മാധവ്പുർ കേശോ സ്വദേശി സോന്ദാർ മാഞ്ചിയുടെ മകൻ രാജേഷ് മാഞ്ചി (36) ആണു മരിച്ചത്. സംഭവസ്ഥലത്തിനു തൊട്ടടുത്തുള്ള അങ്ങാടിയിലെ കോഴിത്തീറ്റ ഗോഡൗണിൽ തൊഴിലാളിയായി കഴിഞ്ഞ ദിവസമാണ് ഇയാൾ എത്തിയത്.
കിഴിശ്ശേരിയിൽ തവനൂർ റോഡിലെ ഒന്നാം മൈലിലെ വീട്ടുമുറ്റത്തുനിന്നു പുലർച്ചെ ഒരു മണിയോടെ മോഷ്ടാവെന്ന നിലയിൽ നാട്ടുകാർ രാജേഷിനെ കണ്ടെത്തി. 3.25ന് ആണു പൊലീസിൽ വിവരം ലഭിക്കുന്നത്. എത്തുമ്പോൾ മർദനമേറ്റ് ഗുരുതര പരുക്കുകളോടെ റോഡിന്റെ ഒരുവശത്ത് അവശനിലയിൽ കിടക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ശരീരത്തിനകത്തും പുറത്തും ഗുരുതരമായ പരുക്കുകൾ ഉണ്ടെന്നും ഇതാണു മരണകാരണമെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.