കാരന്തൂര്‍: എ.എല്‍.പി.എസ്. കൊളായ് നഴ്സറി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളെ മുഴുവന്‍ പങ്കെടുപ്പിച്ചുകൊണ്ട് ലോക്ക് ഡൗണ്‍ പഠനോത്സവം നടത്തി. ലോക്ക് ഡൗണിന്റെ എല്ലാ നിയമങ്ങളെല്ലാം പാലിച്ചു കൊണ്ട് സ്വന്തം വീട്ടില്‍ വച്ച് കുട്ടികള്‍ ഓരോരുത്തരും ഏതെങ്കിലും ഒരു പഠന പ്രവര്‍ത്തനം അവതരിപ്പിക്കുന്ന വീഡിയോ എടുത്ത് അന്നേ ദിവസം സ്കൂള്‍ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്.
കൊറോണ വൈറസ് കാരണം ലോക്ക്ഡൗണില്‍ കഴിയുന്ന ഈ വേളയില്‍ എല്ലാവര്ക്കും പരസ്പരം കാണുക, അദ്ധ്യാപകര്‍ കുട്ടികളുടെ കൂടെയുണ്ടെന്നുള്ള വിശ്വാസം ഉറപ്പിക്കുക, കുട്ടികള്‍ക്ക് പാഠ്യ വിഷയങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, പഠനപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം ഒരുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് എ.എല്‍.പി.എസ്. കൊളായ് ‘ലോക്ക് ഡൗണ്‍ പഠനോത്സവം’സംഘടിപ്പിച്ചത്.
വാര്‍ഡ് മെമ്പര്‍ ശ്രീമതി.സനില കുമാരി അദ്ധ്യക്ഷത വഹിച്ച ഈ ‘ലോക്ക് ഡൗണ്‍ പഠനോത്സവം’ ് കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.കെ.ജെ. പോള്‍ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം സബ്ജില്ലയിലെ പുതിയ ഒരു പ്രോഗ്രാമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനധ്യാപിക ശ്രീമതി. അജിതകുമാരി സ്വാഗതവും മാനേജര്‍ ശ്രീ. സി.കെ.ദാമോദരന്‍ മാസ്റ്റര്‍ ആശംസയും പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.കെ.പി. രോഷ്നി നന്ദിയും പറഞ്ഞു.
ഇംഗ്ലീഷ്, മലയാളം, അറബിക് ഭാഷകളില്‍ വായന, കവിത ചൊല്ലല്‍, കഥ പറയല്‍ , സ്റ്റോറി ടെല്ലിംഗ് , പ്രസംഗം , ഒറിഗാമി, വിവരണം, ആംഗ്യ പ്പാട്ട്, ചിത്രരചന, ന്യൂസ് റീഡിംഗ്, സ്വന്തം കവിത തുടങ്ങിയ വിവിധ തരം പഠന പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ അവതരിപ്പിച്ചു. കുട്ടികളുടെ പങ്കാളിത്തം കൊണ്ടും നിലവാരം കൊണ്ടും ഈ പരിപാടി പൂര്‍ണ വിജയമായിരുന്നുവെന്ന് പ്രധാനധ്യാപിക അഭിപ്രായപ്പെട്ടു.