കോഴിക്കോട്∙ ക്വട്ടേഷൻ സംഘം താമരശേരിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയുടെ പുതിയ വിഡിയോ പുറത്ത്. തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ സഹോദരന്‍ നൗഫലാണെന്ന് ആരോപിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്.
തന്റെ സ്വത്ത് തട്ടിയെടുക്കുകയാണ് ലക്ഷ്യമെന്ന് സംശയിക്കുന്നതായും നൗഫലിനെ സൂക്ഷിക്കണമെന്ന് പിതാവ് പറഞ്ഞിരുന്നെന്നും ഷാഫി ഈ വിഡിയോയില്‍ പറയുന്നു. അതേസമയം, തട്ടിക്കൊണ്ടുപോയ സംഘം ഷാഫിയെക്കൊണ്ട് പറയിപ്പിക്കുന്നതാണ് ഇതെന്ന് പൊലീസ് സംശയിക്കുന്നു.
അതിനിടെ, ഷാഫിയെ തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരത്തുനിന്ന് പിടിയിലായ ഇവരെ ഇന്നു വൈകിട്ട് താമരശേരിയിൽ എത്തിക്കും. ഷാഫിയുടെ പേരിൽ മറ്റൊരു വിഡിയോ സന്ദേശം ഇന്നലെ പുറത്തു വന്നിരുന്നു.
സ്വർണക്കടത്തു സംഘമാണു സംഭവത്തിനു പിന്നിലെന്നും, സൗദി രാജകുടുംബത്തിൽ നിന്നു കവർച്ച ചെയ്ത 325 കിലോ സ്വർണത്തിന്റെ വിലയായ 80 കോടി രൂപയിൽ സംഘത്തിന്റെ വിഹിതമായ 20 കോടി ആവശ്യപ്പെട്ടാണു തന്നെ തട്ടിക്കൊണ്ടു പോയതെന്നും, തുക നൽകാതെ തന്നെ വിട്ടയയ്ക്കില്ലെന്നും ഷാഫി പറയുന്ന വിഡിയോയായിരുന്നു ഇത്.
മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയതിന്റെ സൂത്രധാരനെന്നു വീട്ടുകാരും പൊലീസും സംശയിക്കുന്ന കൊടുവള്ളി സ്വദേശി സാലി സംഭവം നിഷേധിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഈ വിഡിയോ സന്ദേശങ്ങളെല്ലാം അന്വേഷണത്തെ വഴി തെറ്റിക്കാനുള്ളതാണെന്നാണു പൊലീസ് നിഗമനം. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.