എലത്തൂർ ട്രെയിൻ ആക്രമണ കേസ് പ്രതി ഷാരൂഖ് സൈഫിയെ ഷൊർണൂരിലെത്തിച്ച് തെളിവെടുക്കുന്നു. സായുധ സേനാംഗങ്ങളുടെ കൂടി സുരക്ഷയിലാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്. ആദ്യമായി പ്രതി പെട്രോൾ വാങ്ങിയ പമ്പിലാണ് തെളിവെടുപ്പ് നടന്നത്. പെട്രോൾ പമ്പ് ജീവനക്കാരിൽ നിന്നടക്കം പ്രതിയെ കുറിച്ചും സംഭവത്തെ കുറിച്ചും പൊലീസ് വിവരങ്ങൾ തേടി.
വമ്പിച്ച ജനക്കൂട്ടമാണ് പ്രതിയെ കാണാൻ തടിച്ചു കൂടിയിട്ടുള്ളത്.
പിന്നീട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തി അടുത്തുള്ള കടകളിൽ തെളിവെടുപ്പ് നടത്തി. പോലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ് തെളിവെടുപ്പ് നടക്കുന്നത് .
ആക്രമണ ദിവസം പുലർച്ചെ നാല് മണിയോടെ ഷൊർണൂരിലെത്തിയ പ്രതി വൈകീട്ട് ഏഴ് മണിവരെ ഷൊർണൂരിൽ ചെലവഴിച്ചിരുന്നു. 15 മണിക്കൂറോളം സമയം പ്രതി ഇവിടെ എന്ത് ചെയ്യുകയായിരുന്നുവെന്നതാണ് പോലീസ് അന്വേഷിക്കുന്നത്. ആക്രമണത്തിന് ശേഷം റെയിൽപാളത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ ഒരു പാത്രത്തിൽ അന്ന് പാചകം ചെയ്ത ഭക്ഷണം കണ്ടെത്തിയിരുന്നു. പ്രാദേശികമായ സഹായം പ്രതിക്ക് ലഭിച്ചുവെന്ന സംശയം ഇതിലൂടെ ബലപ്പെട്ടിരുന്നു. ഇതിലെല്ലാം വ്യക്തത വരുത്താനും പോലീസ് ശ്രമിക്കുന്നുണ്ട്.