പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത സിനിമയാണ് ആടുജീവിതം. ഒരു ആക്ടറെന്ന നിലയില്‍ മകള്‍ക്ക് ആഭിമാനത്തോടെ കാണിച്ചുകൊടുക്കാന്‍ പോകുന്ന തന്റെ ആദ്യ സിനിമ ആടുജീവിതമായിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു.
തന്റെ സിനിമകള്‍ മകളെ കാണിക്കാറില്ല എന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടാണ് താരത്തിന്റെ പ്രതികരണം. എന്റെ സിനിമകള്‍ മകളെ കാണിക്കാറില്ല എന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. മകളെ സിനിമകള്‍ കാണിക്കാത്തെ ആള്‍ക്ക് എങ്ങനെയാണ് പ്രേക്ഷകരോട് കുടുംബ സമേതം സിനിമ കാണാന്‍ പറയാനാവുക എന്നാണ് പലരും ചോദിച്ചത്. അതില്‍ വ്യത്യാസം എന്താണെന്നുവെച്ചാല്‍, എന്റെ മകള്‍ക്ക് ഒന്‍പത് വയസാണ്. അവള് സിനിമയില്‍ കാണുന്നത് അവളുടെ അച്ഛനെ തന്നെയാണ്. അല്ലാതെ നിങ്ങളുടെ മക്കളുടേതുപോലെ പൃഥ്വിരാജ് എന്ന നടനെ അല്ല. ആ സാഹചര്യം ഏറെ വ്യത്യസ്തമാണ്.
ഒന്‍പതു വയസുകാരിയായ എന്റെ മകള്‍ അവളുടെ അച്ഛന് ഇതുവരെ ചെയ്യാത്ത പലകാര്യങ്ങളും ചെയ്യുന്നത് കാണുകയാണ്. അതുകൊണ്ടാണ് ഞാന്‍ എന്റെ ഒരു സിനിമകളും മകളെ കാണിക്കാത്തത്. ഞാനെന്ന നടന് ആരാണെന്ന് മകളെ കാണിക്കാന്‍ ആദ്യമായി ഞാന്‍ കാണിക്കുന്ന സിനിമ ആടുജീവിതമായിരിക്കും. – പൃഥ്വിരാജ് പറഞ്ഞു.
ബെന്യാമിന്റെ വിഖ്യാത നോവലിനെ അടിസ്ഥാനമാക്കിയൊരുക്കിയിരിക്കുന്ന ചിത്രം ഈ മാസം 28-നാണ് റിലീസ് ചെയ്യുന്നത്. എആര്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.