പ്രധാന മന്ത്രി കഴിഞ്ഞ ദിവസം തുറന്നു കൊടുത്ത ബെംഗളൂരു-മൈസൂരു പത്തുവരി അതി വേഗ പാതയിൽ ടോൾ പിരിവ് തുടങ്ങി. ഇന്ന് രാവിലെ എട്ട് മണി മുതൽ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ബെംഗളൂരു-നിദാഘട്ട റീച്ചിലാണ് ടോള്‍ പിരിവ് ആരംഭിച്ചിരിക്കുന്നത്
റിപ്പോർട്ടനുസരിച്ച് വാഹനങ്ങളെ ആറായി തിരിച്ചാണ് ടോൾ ഈടാക്കുന്നത്. ബിഡാദിക്ക് സമീപത്തെ കനിമിനികെ ടോള്‍ പ്ലാസയില്‍നിന്നാണ് തുക ഈടാക്കുക.
അതിവേഗപാതയില്‍ ബെംഗളൂരു മുതല്‍ മദ്ദൂരിലെ നിദാഘട്ടവരെയുള്ള ഭാഗത്തെ ടോളാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ബെംഗളൂരു മുതല്‍ മാണ്ഡ്യയിലെ മദ്ദൂര്‍ താലൂക്കിലെ നിദാഘട്ട വരെയും (56 കിലോമീറ്റര്‍) നിദാഘട്ട മുതല്‍ മൈസൂരു വരെയുമായി (61 കിലോമീറ്റര്‍) രണ്ടുഭാഗങ്ങളായാണ് അതിവേഗപാത. നിദാഘട്ട മുതല്‍ മൈസൂരു വരെയുള്ള ഭാഗത്ത് പിന്നീടാണ് ടോള്‍ ഈടാക്കുക. ശ്രീരംഗപട്ടണയ്ക്ക് സമീപത്തെ ഗനഗുരുവിലാണ് ഈ ഭാഗത്തെ ടോള്‍ പ്ലാസ സ്ഥിതിചെയ്യുന്നത്.
ബെംഗളൂരു മുതല്‍ നിദാഘട്ടവരെയുള്ള ആദ്യ സെക്ഷനില്‍ 135 രൂപയായിരിക്കും ടോള്‍ ഈടാക്കുക. തിരിച്ചും യാത്ര ചെയ്യുന്നുണ്ടെങ്കില്‍ ഇത് 205 രൂപ ഈടാക്കും. അതേസമയം, പ്രതിമാസ പാസ് നേടുകയാണെങ്കില്‍ 4525 രൂപയാണ് ടോള്‍ നിരക്ക്. ഇതില്‍ 50 യാത്രകളാണ് അനുവദിച്ചിരിക്കുന്നത്. നിദാഘട്ടമുതല്‍ മൈസൂരുവരെ 120 രൂപയായിരിക്കും ഭാവിയില്‍ ടോള്‍ ഈടാക്കുക. അതിവേഗപാതയില്‍ ഒരുവശത്തേക്കുള്ള പൂര്‍ണമായ ടോള്‍നിരക്ക് കാറുകള്‍ക്ക് 255 രൂപയായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.