കോഴിക്കോട് മെഡിക്കല്‍ കോളജിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ സീനിയര്‍ പിജി വിദ്യാർത്ഥികൾക്കെതിരെ കേസ്. പി ജി ഡോക്ടര്‍മാരായ ജെ എച്ച് മുഹമ്മദ് സാജിദ്, ഹരിഹരന് എന്നിവര്‍ക്കെതിരെയാണ് നടപടി. റാഗിംഗ് നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിനാല്‍ത്തന്നെ ഇരുവര്‍ക്കും ജാമ്യം ലഭിക്കില്ല. രണ്ട് പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.റാഗിംഗിനെ തുടർന്ന് ഓര്‍ത്തോ വിഭാഗം പി ജി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ജിതിൻ ജോയ് പഠനം അവസാനിപ്പിക്കുകയായിരുന്നു. ജിതിന്റെ പരാതിയെ തുടർന്ന് രണ്ട് സീനിയർ വിദ്യാർത്ഥികളെ പ്രിന്‍സിപ്പാള്‍ സസ്പെന്റ് ചെയ്തു.
ഒന്നാം വര്‍ഷ പി ജി വിദ്യാര്‍ത്ഥിയെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ജൂനിയര്‍ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളജിലെ റാഗിങ് കമ്മിറ്റിക്ക് പരാതി നല്‍കുകയായിരുന്നു. ആഭ്യന്തര തലത്തില്‍ റാഗിങ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ കുറ്റം തെളിയിക്കപ്പെട്ടത്.കോഴിക്കോട് മെഡിക്കൽ കോളേജിലെ പഠനം അവസാനിപ്പിച്ച ജിതിൻ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയിട്ടുണ്ട്.