ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനേയും കടന്നാക്രമിച്ച് വയനാട് എംപി പ്രിയങ്കാ ഗാന്ധി. ബിജെപി പ്രതിപക്ഷ സര്‍ക്കാരുകളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അദാനിക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കന്നിപ്രസംഗമായിരുന്നെങ്കിലും പരിചയസമ്പന്നയെ പോലെയാണ് പ്രിയങ്ക സംസാരിച്ചത്. ഭരണഘടനയുടെ 75ാം വാര്‍ഷികവുമായി ബന്ധപ്പെട്ട പ്രസംഗത്തില്‍ രാജ്യത്തെ ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ പ്രിയങ്ക ചൂണ്ടിക്കാട്ടി.
ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണ് രാജ്യത്തുടനീളം നടക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ഹാഥ്റസിലും ഉന്നാവിലും മണിപ്പൂരിലുമൊന്നും ഭരണഘടന നടപ്പായില്ല. ഉന്നാവിലടക്കം പോയതിലൂടെയുണ്ടായ ജീവിതാനുഭവങ്ങള്‍ കൂടി ചേര്‍ത്തായിരുന്നു പ്രിയങ്കയുടെ പ്രസംഗം. പ്രതിപക്ഷ സര്‍ക്കാരിനെയും നേതാക്കളേയും വേട്ടയാടാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു. രാജ്യത്ത് ഒരു ഭയത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.
ഇവിടെ ഇന്ത്യയുടെ ഭരണഘടനയാണ് നടപ്പാക്കേണ്ടത്, സംഘ്പരിവാര്‍ ഭരണഘടനയല്ല. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങി 14 ദിവസമായിട്ടും ഇതുവരെ പത്ത് മിനിറ്റ് പോലും മോദി സഭയില്‍ ചെലവഴിക്കാന്‍ തയാറായില്ല എന്നുപറഞ്ഞ് പ്രധാനമന്ത്രിക്കെതിരെയും പ്രിയങ്ക ആഞ്ഞടിച്ചു. യുപിയടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാനപ്രശ്നങ്ങളും പ്രിയങ്ക ചൂണ്ടിക്കാട്ടി.
വയനാട്ടിലെ ദുരന്തസാഹചര്യവും പ്രിയങ്കാ ഗാന്ധി ലോക്‌സഭയില്‍ വിവരിച്ചു.