ഡെങ്കിപ്പനി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
ജില്ലയില്‍ ആരോഗ്യവകുപ്പ് എല്ലാ ആഴ്ചയും നടത്തുന്ന വീക്കിലി വെക്ടര്‍ സ്റ്റഡി റിപ്പോര്‍ട്ട് പ്രകാരം അടിമാലി ഗ്രാമപഞ്ചായത്തിലെ 19 ാം വാര്‍ഡിലെ ദേവിയാര്‍ കോളനിപ്രദേശത്തെ ഹോട്ട് സ്പോട്ടായി കണ്ടെത്തി. ഹൈറിസ്ക് പ്രദേശമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരം സ്ഥലങ്ങളില്‍ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ എന്നിവക്കുള്ള സാധ്യത കൂടുതലായിരിക്കും. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മനോജ് എല്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ജോബിന് ജി ജോസഫ് എന്നിവര്‍ അറിയിച്ചു.
രോഗപ്രതിരോധത്തിന് കൊതുകു വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസര പ്രദേശങ്ങളിലോ ഇല്ല എന്നുറപ്പാക്കേണ്ടതുണ്ട്. വീടിനുള്ളിലും പുറത്തും അടുത്ത പറമ്പുകളിലും മഴവെള്ളം (ശുദ്ധ ജലം) കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പാക്കണം. കുപ്പി, പാട്ട, ചിരട്ട, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കളിപ്പാട്ടങ്ങള്‍, റബര്‍ ടാപ്പിംഗ് ചിരട്ടകള്‍, കൊക്കോ തോടുകള്‍, കമുക് പോളകള്‍, വീടിന്റെ സണ്‍ഷെയ്ഡുകള്‍, വെള്ളം നിറച്ച അലങ്കാര കുപ്പികള്‍, ഉപയോഗ ശൂന്യമായ ടാങ്കുകള്‍, ടയറുകള്‍, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, പാറയുടെ പൊത്തുകള്‍, മുളങ്കുറ്റികള്‍, കുമ്പിള് ഇലകളോടുകൂടിയ ചെടികള്‍, മരപ്പൊത്തുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഒരു സ്പൂണില്‍ താഴെ വെള്ളം പോലും ഒരാഴ്ച തുടര്‍ച്ചയായി കെട്ടി നിന്നാല്‍ പോലും ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരും. ഇത് ഒഴിവാക്കുന്നതിന് ആഴ്ചയില്‍ ഒരു ദിവസം ഡ്രൈഡേ ആചരിച്ച് വെള്ളം കെട്ടിക്കിടക്കുന്ന എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കോഷന്‍ ഡെപ്പോസിറ്റ് ലഭിക്കാന്‍ അപേക്ഷ നല്‍കണം
കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ നിന്നും 2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ തൃപ്തികരമായി പരിശീലനം പൂര്‍ത്തീകരിച്ചവരും സെക്യൂരിറ്റി ഡെപ്പോസിറ്റ്, കോഷന്‍ മണി എന്നിവ കൈപ്പറ്റാത്തവരുമായ ട്രെയിനികള്‍ ഇവ ലഭിക്കുന്നതിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പിനൊപ്പം ഡിസംബര്‍ 31 നകം ഐ.ടി.ഐ. ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. സമയപരിധി പാലിക്കാത്ത, 2020 ജൂലൈ 31 ല്‍ പരിശീലനം പൂര്‍ത്തീകരിച്ച ട്രെയിനികളുടെ തുക ഇനിയൊരു അറിയിപ്പ് കൂടാതെ സര്‍ക്കാരിലേക്ക് വകയിരുത്തുന്നതാണ്.
ക്രിസ്മസ്, ന്യൂഇയര്‍ റിബേറ്റ്
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ ക്രിസ്മസ്, ന്യൂഇയര്‍ എന്നിവ പ്രമാണിച്ച് ഡിസംബര്‍ 13 മുതല്‍ ജനുവരി ആറു വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സ്പെഷ്യല്‍ റിബേറ്റ് അനുവദിച്ചു. കെ.ജി.എസ് മാതാ ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ് തൊടുപുഴ, കെ.ജി.എസ്, ഗാന്ധി സ്ക്വയര്‍ കട്ടപ്പന എന്നിവിടങ്ങളിലെ അംഗീകൃത ഷോറൂമുകളില്‍ ഈ ആനുകൂല്യം ലഭ്യമാണ്.
ആയുഷ് മിഷനില്‍ കരാര്‍ നിയമനം
ജില്ലയിലെ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളായ ഗവ. ആയുര്‍വേദ, ഹോമിയോ ഡിസ്പെന്‍സറികളിലേക്ക് നാഷണല്‍ ആയുഷ് മിഷന് കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ജി എന്‍ എം നഴ്സിംഗ്. പ്രതിമാസ വേതനം 15000 രൂപ. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സല് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം തൊടുപുഴ കാരിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന് ജില്ലാ ഓഫീസില്‍ ഡിസംബര്‍ 16 ന് ശനിയാഴ്ച രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-291782.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
തൊടുപുഴ നഗരസഭയില്‍ ഹെല്‍ത്ത് ഗ്രാന്റ് ഉപയോഗിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന വെങ്ങല്ലൂര്‍, കുമ്മംകല്ല്, പഴുക്കാക്കുളം എന്നീ മൂന്ന് അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് കേന്ദ്രങ്ങളിലേക്ക് മെഡിക്കല്‍ ഓഫീസേഴ്സിനെ താല്ക്കാലികാടിസ്ഥാനത്തില് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുളളവര് യോഗ്യത തെളിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ 20 ന് മുമ്പായി മുനിസിപ്പല്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രായപരിധി 2023 ഡിസംബര്‍ 1 ന് 67 വയസ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭാ ഓഫീസുമായി ബന്ധപ്പെടാം.
അഡീഷണല്‍ ഗവ. പ്ലീഡര്‍ നിയമനം
ഇടുക്കി ജില്ലയില്‍ കട്ടപ്പന സബ് കോടതിയിലേക്ക് അഡീഷണല്‍ ഗവണ്മെന്റ് പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ നിയമനം നടത്തുവാന്‍ യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുളളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉളളവരും 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ വിശദമായ ബയോഡാറ്റ (ജനന തീയതി, ഇ മെയില്‍ ഐഡി, എന്റോള്‍മെന്റ് തീയതി, പ്രവൃത്തിപരിചയം, ഫോണ്‍ നമ്പര്‍, പോലീസ് സ്റ്റേഷന്) സഹിതം ഡിസംബര്‍ 20ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് ഇടുക്കി ജില്ലാ കളക്ടര്‍ മുമ്പാകെ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232242.
ക്ലറിക്കല്‍ അസിസ്റ്റന്റ്് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലുളള വിവിധ ഓഫീസുകളിലേക്ക് താല്‍ക്കാലിക ക്ലറിക്കല്‍ അസിസ്റ്റന്റ്് നിയമനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദം, ആറുമാസത്തില്‍ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ് വിജയം, സാധുവായ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാര്‍ഡ് എന്നിവയാണ് യോഗ്യത. പ്രായപരിധി 21 -35 വയസ്സ്. 10,000 രൂപയായിരിക്കും പ്രതിമാസ ഹോണറേറിയം. ക്ലറിക്കല്‍ അസിസ്റ്റന്റ്ുമാരുടെ സേവനം അല്ലെങ്കില്‍ പരിശീലന കാലയളവ് ഒരു വര്‍ഷമായിരിക്കും. സേവനം തൃപ്തികരമാണെങ്കില്‍ ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് കൂടി സേവന കാലയളവ് ദീര്‍ഘിപ്പിച്ചു നല്‍കും.
നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാധുവായ എംപ്ലോയ്മെന്റ് കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ഡിസംബര്‍ 23ന് 5 മണിക്ക് മുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 -296297.
കളക്ടേഴ്സ് കരുതല്‍ അവാര്‍ഡ് വിതരണം ചെയ്തു
ഏലപ്പാറ പി.എച്ച്.എസ്.എസ് സ്കൂളില്‍ നിന്ന് മികച്ച വിജയം കൈവരിക്കുന്ന കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ കളക്ടേഴ്സ് കരുതല്‍ അവാര്‍ഡ് രണ്ടാം ഘട്ടത്തിന്റെ വിതരണം ഏലപ്പാറ പി.എച്ച്.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി ഉദ്ഘാടനം ചെയ്തു. ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിത്യ എസ് അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ അര്ജ്ജുന് പാണ്ഡ്യന് സമ്മാനദാനം നിര്‍വ്വഹിച്ചു.
സ്കൂളില്‍ നിന്ന് ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി പൊതുപരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് ഇടുക്കി ജില്ലാ വികസന കമ്മീഷണറായിരുന്ന അര്ജുന് പാണ്ഡ്യന് വിഭാവന ചെയ്ത് കഴിഞ്ഞ അക്കാദമിക വര്‍ഷത്തില്‍ ആരംഭിച്ച പുരസ്ക്കാരമാണ് കളക്ടേഴ്സ് കരുതല്‍ അവാര്‍ഡ്. ഒന്നാം സ്ഥാനക്കാര്‍ക്ക് 20,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 15,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും മൊമെന്റോയും സര്‍ട്ടിഫിക്കറ്റുമാണ് നല്‍കുന്നത്. ഹയര്‍സെക്കന്‍ഡറിയിലെ കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി ആറ് കുട്ടികളും പത്താം തരത്തിലെ മൂന്ന് കുട്ടികളും ഉള്‍പ്പെടെ ഒന്‍പത് പേര് ഇക്കുറി പുരസ്കാരത്തിനര്ഹരായി.
പി.എച്ച്.എസ്.എസ് ഏലപ്പാറ പ്രിന്‍സിപ്പല്‍ വിനോദ് കുമാര്‍ കെ, അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം അഫിന് ആല്‍ഫ്രഡ്, ഏലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം ബിജു ഗോപാലന്, ഉമര്‍ഫാറൂഖ്, ഇടുക്കി നിര്‍മ്മിതികേന്ദ്രം പ്രാജക്ട് മാനേജര്‍ ബിജു. എസ്, അധ്യപകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.