വഖഫ് വിഷയത്തിൽ കോഴിക്കോട് നടന്ന സംരക്ഷണ റാലിയിൽ മുസ്ലിം ലീഗ് നേതാക്കൾ നടത്തിയ വിദ്വേഷ പരാമർശങ്ങൾക്കെതിരെ വിമർശനവുമായി മന്ത്രി അഹമ്മദ് ദേവർകോവിൽ.ഉത്തരേന്ത്യയിലെ സംഘ്പരിവാറിൻ്റെ അവിവേകികളും കേരളത്തിലെ ലീഗ് നേതൃത്വവും തമ്മിൽ എന്താണ് മാറ്റമെന്ന് ചോദിച്ച മന്ത്രി ലീഗ് നേതൃത്വത്തിൻ്റെ ഖേദപ്രകടനം ആത്മാർത്ഥമാണെങ്കിൽ അബ്ദുറഹിമാൻ കല്ലായിക്കും കെ എം ഷാജിക്കുമെതിരെ നടപടിയെടുക്കുവാൻ ലീഗ് ആർജ്ജവം കാണിക്കുമോ? എന്നൊരു ചോദ്യവും പോസ്റ്റിലൂടെ മന്ത്രി ചോദിച്ചു
മന്ത്രിയുടെ പോസ്റ്റ്
മതത്തിന് തീകൊടുക്കുന്ന ലീഗ്…
വഖഫ് വിഷയത്തിൽ ലീഗിൻ്റെ ആശങ്ക പങ്കുവെക്കാൻ കോഴിക്കോട് കടപ്പുറത്ത് ചേർന്ന യോഗത്തിൽ മിക്ക പ്രാസംഗികരും മതത്തിന് തീ കൊടുക്കുന്ന അപക്വവും അബദ്ധജടിലവുമായ വാചാടോപങ്ങളാണ് നടത്തിയത്. വഷളത്തരങ്ങളുടെ കെട്ടഴിക്കാൻ നവ നേതൃത്വം പരസ്പരം മത്സരിക്കുകയായിരുന്നു. വഖഫ് ബോർഡിലെ സ്റ്റാഫ് നിയമനം PSC ക്ക് വിട്ടതിൽ ലീഗിനുള്ള ‘ആശങ്ക’ ലീഗിനെ അറിയുന്ന എല്ലാവർക്കും അനായാസം മനസ്സിലാകും. വിഷയം അതല്ല, കേരളം പോലെ സർവ്വ ജനവിഭാഗങ്ങളും അവരവരുടെ വിശ്വാസങ്ങളിൽ അടിയുറച്ച് സഹജീവിയുടെ സുഖദു:ഖങ്ങളിൽ താങ്ങും തണലുമായി ജീവിക്കുന്ന കേരളമണ്ണിൽ അപരൻ്റെ കുടുംബ ജീവിതത്തെ സ്വന്തം വിശ്വാസത്തിൻ്റെ അളവുകോലിലൂടെ അപഗ്രഥിച്ച് മുസ്ലിമല്ലാത്തവൻ്റെ ദാമ്പത്യ ബന്ധങ്ങളെ ‘ വ്യഭിചാരമായി ‘ ചിത്രീകരിക്കുന്ന കല്ലായ മനസ്സുകൾ എത്രമേൽ മ്ലേഛമാണ്. എന്നാൽ ഒരു സമ്മേളനത്തിൽ ഇത്രപരസ്യമായി ഒരു പ്രയാസവുമില്ലാതെ പച്ചക്ക് ‘ വർഗീയത ‘ വിളിച്ചു പറയുന്നുവെങ്കിൽ ഇവരുടെ അടഞ്ഞ മുറികളിലെ കൂടിച്ചേരലുകളിൽ വമിപ്പിക്കുന്ന മതാന്ധതയുടെയും, പരമത വിദ്വേശത്തിൻ്റെയും കാഠിന്യം ഒന്ന് ഊഹിച്ചു നോക്കൂ. ഉത്തരേന്ത്യയിലെ സംഘ്പരിവാറിൻ്റെ അവിവേകികളും കേരളത്തിലെ ലീഗ് നേതൃത്വവും തമ്മിൽ എന്താണ് മാറ്റം.? വിശുദ്ധ ഇസ്ലാമിൻ്റെ സ്നേഹ സന്ദേശങ്ങളെ ലീഗിൻ്റെ കച്ചവട രാഷ്ട്രീയത്തിന്ന് മറയാക്കുന്ന അപകടകരമായ കളിയിൽനിന്നും ലീഗ് പിന്മാറണം. സ്വയംകൃതാനർത്ഥത്താൽ അടിവേര് നഷ്ടപ്പെട്ട ലീഗിന് ഇഷ്ടാനുസൃതം പന്താടാനുള്ളതല്ല ഇസ്ലാമും ഇസ്ലാമിക ശരീഅത്തും. ലീഗ് നേതൃത്വത്തിൻ്റെ ഖേദപ്രകടനം ആത്മാർത്ഥമാണെങ്കിൽ അബ്ദുറഹിമാൻ കല്ലായിക്കും കെ എം ഷാജിക്കുമെതിരെ നടപടിയെടുക്കുവാൻ ലീഗ് ആർജ്ജവം കാണിക്കുമോ?