ടി.ആര്‍.പി റേറ്റിംഗ് തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടി.വി സി.ഇ.ഒ വികാസ് ഖന്‍ചന്ദാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഒരു ദിവസം ശേഷിക്കെയാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
ചാനല്‍ ഉപഭോക്താക്കള്‍ക്ക് പണം നല്‍കി ടി.ആര്‍.പി റേറ്റിങ് പെരുപ്പിച്ചു എന്നതാണ് കേസ്. ഒക്ടോബര്‍ ആറിനാണ് ഇതുസംബന്ധിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ബാരോമീറ്റര്‍ സ്ഥാപിച്ച് റേറ്റിങ് നടത്തുന്ന ഹാന്‍സ് റിസര്‍ച് ഗ്രൂപ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് റിപ്പബ്ലിക് ടി.വി അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഘനശ്യാം സിങ് അടക്കം 12 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മുംബൈ നഗരത്തില്‍ ടി.ആര്‍.പി റേറ്റിങ്ങിനായി രണ്ടായിരത്തോളം വീടുകളിലാണ് ഹാന്‍സ് റിസര്‍ച് ഗ്രൂപ് ബാരോമീറ്റര്‍ സ്ഥാപിച്ചത്. വീടുകളില്‍ ആളില്ലാത്തപ്പോള്‍പോലും പ്രത്യേക ചാനലുകള്‍ തുറന്നു വെക്കുന്നതിന് പ്രതിമാസം 500 രൂപ വീതം ഉപഭോക്താക്കള്‍ക്ക് നല്‍കി എന്നാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ പണം പറ്റിയ നാലു ചാനല്‍ ഉപഭോക്താക്കള്‍ കേസില്‍ സാക്ഷികളാണ്. ഇവര്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്.