
മലങ്കര സഭാ തര്‍ക്കത്തില്‍ നഷ്ടമായ 52 പള്ളികളിലും പ്രവേശിക്കാന്‍ പ്രകടനമായി എത്തി ആയിരക്കണക്കിന് യാക്കോബായ വിശ്വാസികള്‍. മുളന്തുരുത്തി പള്ളിയിലടക്കം പൊലീസ് ഇവരെ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ഒടുവില്‍ പള്ളിക്ക് പുറത്ത് പ്രാര്‍ഥന നടത്തുകയാണ് വിശ്വാസികള്‍.
ഓര്‍ത്തഡോക്‌സ് വിഭാഗം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്ത 52 പള്ളികളിലാണ് രാവിലെ ഒമ്പത് മണിയോടെ മുന്‍ നിശ്ചയിച്ച പ്രകാരം യാക്കോബായ വിശ്വാസികള്‍ വന്നത്. ആരാധനക്കെത്തുന്നവരെ തടയില്ലെന്നും എന്നാല്‍, ആരാധനാലയങ്ങളില്‍ സമരം ചെയ്യാന്‍ അനുവദിക്കില്ലെന്നും ഓര്‍ത്തഡോക്‌സ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ചെറിയ ഗ്രൂപ്പുകളായി വന്ന് ആരാധന നടത്താം എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്താന്‍ അനുവദിക്കണമെന്നാണ് യാക്കോബായ വിശ്വാസികളുടെ ആവശ്യം. ഈ സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പള്ളി ഗേറ്റിനുപുറത്ത് പൊലീസിന്റെ നേതൃത്വത്തില്‍ യാക്കോബായ വിശ്വാസികളെ തടയുകയായിരുന്നു. ഇത് പലയിടത്തും ഉന്തിനും തള്ളിനും ഇടയാക്കി.
സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സഭയുടെ മറ്റ് ദേവാലയങ്ങളിലും സമര പരിപാടികള്‍ നടക്കുന്നുണ്ട്. പലയിടങ്ങളിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. സഭക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നഷ്ടമായ പള്ളികളിലേക്ക് തിരിച്ച് പ്രവേശിക്കാന്‍ സഭാ നേതൃത്വം തീരുമാനിച്ചത്.
സമരത്തിന് തുടക്കം കുറിച്ച് കഴിഞ്ഞ 6 മുതല്‍ ഈ പള്ളികള്‍ കേന്ദ്രികരിച്ച് റിലേ സത്യാഗ്രഹ സമരങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 15ന് ഡോ. തോമസ് മാര്‍ അലക്‌സാന്ത്രയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ വയനാട് മീനങ്ങാടിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് അവകാശ സംരക്ഷണ ജാഥ ആരംഭിക്കും. 29ന് ജാഥ തിരുവനന്തപുരത്ത് സമാപിക്കും. തുടര്‍ന്ന് ജനുവരി 1 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ മെത്രാപ്പോലീത്തമാരും വൈദീകരും വിശ്വാസികളും അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരം ആരംഭിക്കും. സമരം കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്യും.

