കുന്ദമംഗലം:കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് കോൺഗ്രസ് പുനസംഘടനയിൽ അതൃപ്തി പുകയുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് പാർട്ടി നടപടി നേരിട്ട വ്യക്തിയെ ഔദ്യോഗിക ചുമതലയിലേക്ക് കൊണ്ടുവന്നതാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പിൽ കുന്ദമംഗലം പഞ്ചായത്തിലെ ഒൻപതാം വാർഡിൽ ലീന വാസുദേവൻ ആയിരുന്നു കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി. എന്നാൽ കോൺഗ്രസ് പ്രവർത്തകനായ വ്യക്തിറിബൽ സ്ഥാനാർത്ഥിയായി മത്സര രംഗത്തെത്തി. ലീനാ വാസുദേവൻ 400 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും ഇയാൾക്കെതിരെ നടപടി എടുക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മൂന്ന് വർഷത്തേക്ക് ഇയാൾക്കുപാർട്ടി ചുമതല നൽകില്ലെന്ന് മണ്ഡലം കമ്മറ്റി പ്രവർത്തകർക്ക് ഉറപ്പ് നൽകി. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട കോൺഗ്രസ് ബ്ലോക്ക് പഞ്ചായത്ത് പുന സംഘടനാ ലിസ്റ്റിൽ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് ഇപ്പോൾ ഇടംപിടിച്ചു. ഇതോടെയാണ് നേതാക്കളും പ്രവർത്തകരും പരസ്യമായി രംഗത്ത് എത്തിയത്. ഒരു മുതിർന്ന നേതാവിന്റെ ഇടപെടലാണ് പദവി നൽകാൻ കാരണം എന്നും പ്രവർത്തകർ ആരോപിക്കുന്നുണ്ട്. ഷാജുവിന് ഔദ്യോഗിക പദവി നൽകിയതിൽ പ്രതിഷേധിച്ച് രാജി വെക്കാനുള്ള തീരുമാനത്തിലാണ് കുന്ദമംഗലത്തെ 9 വാർഡിലെ രണ്ട് ബൂത്ത് കമ്മറ്റികൾ . 17 , 18 ബൂത്തു കമ്മറ്റികളാണ് രാജിയിലേക്ക് നീങ്ങുന്നത് . ബൂത്ത് പ്രസിഡന്റുമാർ, വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സെക്രട്ടറി തുടങ്ങി ഏഴ് ഭാരവാഹികളും പ്രവർത്തകരുമാണ് രാജിയിലേക്ക് നീങ്ങുന്നത്. . ഇന്ന് കുന്ദമംഗലത്ത് നടക്കുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.
കോൺഗ്രസ് പുന സംഘടനയിൽ അതൃപ്തി; കുന്ദമംഗലത്ത് പ്രവർത്തകർ കൂട്ട രാജിയിലേക്ക്

