ഇക്കഴിഞ്ഞ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍, മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറിന്റെ ജനത ദള്‍ യുണൈറ്റഡിന് ചിരാഗ് പാസ്വന്‍ നല്‍കിയ പ്രഹരം വളരെ വലുതായിരുന്നു. പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ബിജെപിയുടേതായിരിക്കുമെന്ന് നിതീഷ് കുമാര്‍ വ്യാഴാഴ്ച്ച പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ആരായിരിക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തീരുമാനം എന്‍ഡിഎയുടേതായിരിക്കുമെന്നും നിതീഷ് കുമാര്‍ മറുപടി പറഞ്ഞത്.
നിതീഷ് കുമാറിന്റെ നേതൃത്വത്തോടും തീരുമാനത്തോടും ഒത്തുപോകുവാന്‍ കഴിയാതായതോടെയായിരുന്നു പതിറ്റാണ്ടുകള്‍ നീണ്ട സഖ്യത്തില്‍ പാസ്വാന് ഒരു ജൂനിയര്‍ സഖ്യമായി മാറേണ്ടി വന്നത്. പാസ്വന്റെ എല്‍ജെപി ഒരു സീറ്റ് മാത്രമാണ് നേടിയതെങ്കിലും ജെഡിയുവിന് ഉണ്ടായിരിക്കുന്ന നഷ്ടം വലുതാണ്. 30 സീറ്റുകളാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെഡിയുവിന് നഷ്ടമായത്.
2015 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 71 സീറ്റുകളായിരുന്നു ജെഡിയു സ്വന്തമാക്കിയിരുന്നതെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ അത് 43 സീറ്റുകളായാണ് കുറഞ്ഞിരിക്കുന്നത്. തുടര്‍ച്ചയായ മൂന്ന് തവണ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറിന് നാലാം തവണയും ആ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ബിജെപിയുടെ സഹായം കൂടിയെ തീരു.
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയായിരുന്നു ബിജെപിക്ക് ഉദ്ധവ് താക്കറെയുമായുള്ള സഖ്യം നഷ്ടമായത്. ഇതുമായി ബന്ധപ്പെടുത്തിയാണ് നിതീഷ് കുമാരിന്റെ മുഖ്യമന്ത്രി സ്ഥാനം ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കാഴ്ച്ചവെച്ച മോശം പ്രകടനം നിതീഷ് കുമാറിന്റെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടാന്‍ കാരണമാകുമോ എന്ന അഭ്യൂഹങ്ങളാണ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്.
അതേസമയം ചിരാഗ് പാസ്വാന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം നില്‍ക്കുമോ എന്നും കണ്ടറിയേണ്ടതുണ്ട്. നിതീഷ് കുമാറിന്റെ നേതൃത്വത്തെച്ചൊല്ലി തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച പാസ്വാന്‍ ‘നിതീഷ് മുക്ത ബിഹാര്‍’ എന്ന ആശയം മുന്നോട്ട് വെച്ച് കൊണ്ടായിരുന്നു പ്രചാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തിയിരുന്നതെന്നതും ശ്രദ്ധേയമാണ്.