ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ വിയോജിച്ച് നല്കിയ പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആണ് വിധി പറയുക. രാവിലെ 10.30ന് ആണു വിധിപ്രസ്താവം തുടങ്ങുക.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28-നാണ് ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി വന്നത്. ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന് 2006-ല്‍ നല്കിയ കേസില്‍ 12 വര്‍ഷത്തെ നിയമ വ്യവഹാരങ്ങള്‍ക്ക് ശേഷമായിരുന്നു വിധി. യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നപ്പോള്‍ അതു നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധ സമരങ്ങള്‍ ഉയര്‍ന്നു. ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ പൊലീസ് എടുത്ത 9000 ക്രിമിനല്‍ കേസുകളില്‍ പ്രതികളായത് 27,000 പേരാണ്. വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജികളും റിട്ടും ഉള്‍പ്പെടെ 65 പരാതികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ മുമ്പാകെ എത്തിയത്. പുനഃപരിശോധനാ ഹര്‍ജികള്‍ ഫെബ്രുവരിയില്‍ പരിഗണിച്ചെങ്കിലും വിധി പറയാനായി മാറ്റിവെച്ചു.

