ഉദ്ഘാടനം ഡിസംബര്‍ 25ന് അകം
അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറാനൊരുങ്ങി എലത്തൂര്‍ നിയോജക മണ്ഡലത്തിലെ പയിമ്പ്ര ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍. സര്‍ക്കാര്‍ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തിയാണ് വിദ്യാലയം നവീകരിക്കുന്നത്. രണ്ട് കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തിയാണ് നിലവില്‍ നടക്കുന്നത്. ആധുനിക സജ്ജീകരണങ്ങളോടെ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ക്രിസ്മസ് അവധിക്ക് മുന്‍പ് ഉദ്ഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. സ്കൂളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ സ്കൂളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഡിസംബര്‍ 15-നകം പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്കി. നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള അനുബന്ധ പ്രവര്‍ത്തികള്‍ ഘട്ടംഘട്ടമായി പൂര്‍ത്തീകരിക്കും. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ അടുക്കള, ഹയര്‍സെക്കന്ററി ലാബ്, എസ്.പി.സി റൂം, ഗ്രൗണ്ട് നവീകരണം തുടങ്ങിയ സൗകര്യങ്ങള്‍ കൂടെ ഉള്‍പ്പെടുത്താന്‍ പദ്ധതിരേഖ തയ്യാറാക്കി കിഫ്്ബിയിലേക്ക് നല്‍കാനും യോഗത്തില്‍ തീരുമാനമായി.
സര്‍ക്കാര്‍ അനുവദിച്ച 5.1 കോടി രൂപയും എല്‍.പി സെക്ഷന്‍ വികസനത്തിനായി എലത്തൂര്‍ നിയോജകമണ്ഡലം എം.എല്‍.എ കൂടിയായ മന്ത്രി എ.കെ ശശീന്ദ്രന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.. 1881 വിദ്യാര്‍ത്ഥികളാണ് എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി ഇവിടെ പഠിക്കുന്നത്.
കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി അപ്പുക്കുട്ടന്, ജില്ലാ പഞ്ചായത്ത് അംഗം താഴത്തില്‍ ജുമൈലത്ത്, പയിമ്പ്ര സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.സഫിയ, ഹെഡ് മാസ്റ്റര്‍ ഇ.വത്സരാജ്, പി.ടി.എ പ്രസിഡന്റ് സുധീഷ് കുമാര്‍, യു.എല്‍.സി.സി.എസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.