തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ മൊഴിയെടുത്ത് എസ്എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്). കഴിഞ്ഞ ബുധനാഴ്ച ചെന്നൈയില്‍വെച്ചാണ് മൊഴിയെടുത്തത്.എസ്എഫ്‌ഐഒ കേസ് ഏറ്റെടുത്ത് പത്ത് മാസത്തിനുശേഷമാണ് മൊഴിയെടുപ്പ് നടപടി.
ടി. വീണക്ക് സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി ലഭിച്ചതായി രേഖകള്‍ പുറത്ത് വന്നിരുന്നു. ശശിധരന്‍ കര്‍ത്തയുടെ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) 1.72 കോടി രൂപ നല്‍കിയതിന്റെ രേഖകളാണ് പുറത്തുവന്നത്.
2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് സിഎംആര്‍എല്‍ കമ്പനി വീണക്ക് പണം നല്‍കിയതെന്നും സേവനങ്ങള്‍ നല്‍കാതെയാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയതെന്നും ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡ് കണ്ടെത്തുകയും ചെയ്തിരുന്നു.