ആഗോള പട്ടണി സൂചിക പുറത്ത് വിട്ടു.പട്ടികയിൽ ഇന്ത്യ 111ാം സ്ഥാനത്ത്. 125 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ 111ാമതായി ഇടം പിടിച്ചത്. കഴിഞ്ഞ വർഷം 107ാം സ്ഥാനത്തായിരുന്നു. ഇത്തവണ നാല് സ്ഥാനങ്ങൾ പിന്നോട്ടുപോയി. ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാൻ (102), ബംഗ്ലാദേശ് (81), നേപ്പാൾ (69), ശ്രീലങ്ക(60) എന്നിവരെല്ലാം ഇന്ത്യക്ക് മുന്നിലാണ്. അതേസമയം, പട്ടികയെ തള്ളി കേന്ദ്ര സർക്കാർ രംഗത്തെത്തി. ദുഷ്ടലാക്കോടെയാണ് പട്ടിക തയ്യാറാക്കിയതെന്നും പൂർണമായും തള്ളിക്കളയണമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. പട്ടിണി സൂചികയിൽ 28.7 സ്‌കോറാണ് ഇന്ത്യക്ക് ലഭിച്ചത്. ഇന്ത്യയിൽ പട്ടിണിയുടെ തോത് ഗുരുതരമാണെന്നാണ് വിലയിരുത്തൽ. അയർലൻഡ്, ജർമ്മനി എന്നിവിടങ്ങളിലെ സർക്കാരിതര സംഘടനകളായ കൺസസേൺ വേൾഡ് വൈഡും വെൽറ്റ് ഹംഗർ ഹിൽഫുമാണ് റിപ്പോർട്ട് പുറത്തിറക്കിയത്. ദക്ഷിണേഷ്യയും സബ്-സഹാറൻ ആഫ്രിക്കയുമാണ് ഏറ്റവും കൂടുതൽ പട്ടിണിയുള്ള പ്രദേശങ്ങൾ. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശിശു ക്ഷയം, കുട്ടികളുടെ വളർച്ച മുരടിപ്പ് എന്നിവയാണ് പ്രധാന മാനദണ്ഡങ്ങൾ. തെറ്റായ മാനദണ്ഡമാണ് സൂചിക കണ്ടെത്താൻ ഉപയോഗിക്കുന്നതെന്നാണ് സർക്കാറിന്റെ വിശദീകരണം.സൂചിക കണക്കാക്കാൻ ഉപയോഗിക്കുന്ന നാല് സൂചകങ്ങളിൽ മൂന്നെണ്ണവും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണെന്നും മുഴുവൻ ജനസംഖ്യയെ പ്രതിനിധീകരിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ, അതാത് രാജ്യങ്ങളുടെ സ്‌കോറുകൾ കണക്കാക്കാൻ ഒരേ മാനദണ്ഡമാണ് ഉപയോഗിക്കുന്നതെന്നും ഏതെങ്കിലും രാജ്യത്തിന് വിട്ടുവീഴ്ച ചെയ്യുന്നത് ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഗ്ലോബൽ ഹംഗർ ഇൻഡക്‌സിലെ മുതിർന്ന നയ ഉപദേഷ്ടാവ് മിറിയം വീമേഴ്‌സ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.