കോണ്ഗ്രസ് പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയില്‍ പൂര്‍ണ തൃപ്തിയുള്ളവര്‍ എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി.2014, 2019 തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ തിരസ്‌കരിച്ച വോട്ടര്‍മാരുടെ വിശ്വാസം വീണ്ടെടുക്കാന്‍ കഴിയുന്ന വിധത്തിലുള്ള മാറ്റമാണ് താന്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്താത്തതിനാല്‍ പാര്‍ട്ടിയില്‍ കുറേയേറെ ന്യൂനതകള്‍ നിലനില്‍ക്കുന്നതായും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.ഖാര്‍ഗെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയല്ലെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞിട്ടും ചില നേതാക്കള്‍ അത്തരത്തിലല്ല പ്രവര്‍ത്തിക്കുന്നത്. അത് ന്യായമല്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഖാര്‍ഗെയ്ക്കും തനിക്കുമിടയില്‍ യാതൊരു ശത്രുതയുമില്ല. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന നിലയിലാണ് തങ്ങള്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കോണ്‍ഗ്രസ് വിട്ടുപോയ പ്രവര്‍ത്തകരേയും വോട്ടര്‍മാരേയും പാര്‍ട്ടിയിലേക്ക് തിരികെയെത്തിക്കുന്ന വിധത്തിലുള്ള മാറ്റമാണ് ആഗ്രഹിക്കുന്നത്.
അതേസമയം അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ശശി തരൂരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. വയനാട്ടിൽ ആദ്യമായാണ് കോണ്ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്ത്തകര് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നത്. നിയോജക മണ്ഡലം കമ്മിറ്റി യോഗം ഐകകണ്ഠ്യേനയാണ് ശശി തരൂരിനെ പിന്തുണച്ചത്.