വാഹന നിര്‍മാതാക്കള്‍ ഡീസല്‍ കാറുകളുടെയും എസ്.യു.വികളുടെയും നിര്‍മാണം കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരം വാഹനങ്ങളുടെ വില്‍പ്പന നിയന്ത്രിക്കുന്നതിനായി ഡീസല്‍ വാഹനങ്ങള്‍ക്ക് 10 ശതമാനം ജി.എസ്.ടി. കൂട്ടാനുള്ള നിര്‍ദേശവും മന്ത്രി മുന്നോട്ട് വച്ചു. ഇതേച്ചൊല്ലി ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. എന്നാൽ ഇത് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മന്ത്രി വിശദീകരിച്ചു.വാഹനനിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ വേദിയിലായിരുന്നു ഡീസല്‍ വാഹനങ്ങള്‍ക്ക് ജി.എസ്.ടി. കൂട്ടണമെന്ന തരത്തിലുള്ള മന്ത്രിയുടെ പ്രസ്താവന ഉണ്ടായത്. ”ഡീസലിനോട് വിടപറയാം. സ്വമേധയാ അതിനു നടപടിയെടുക്കൂ. അല്ലെങ്കില്‍ വില്‍പ്പന നിയന്ത്രിക്കാന്‍ ഡീസല്‍ വാഹനങ്ങളുടെ ജി.എസ്.ടി. വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കും. അതു സാധ്യമാകുമോയെന്നറിയാന്‍ കേന്ദ്ര ധനമന്ത്രിയോട് സംസാരിക്കും” ഇതായിരുന്നു മന്ത്രിയുടെ പ്രസ്താവന.ഡീസല്‍ വാഹനങ്ങളുടെ നികുതി കൂട്ടണമെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വാഹന നിര്‍മാണ കമ്പനികളുടെയും എണ്ണക്കമ്പനികളുടെയും ഓഹരി വിലയിടിഞ്ഞു. ഡീസല്‍ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം വര്‍ധിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച ഗഡ്കരി നിരത്തിലിറങ്ങുന്ന ഡീസല്‍ കാറുകളുടെ എണ്ണത്തില്‍ കുറവു വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2070-ല്‍ സീറോ കര്‍ബണ്‍ ലക്ഷ്യം കൈവരിക്കുന്നതിനായി ഡീസല്‍ ഉള്‍പ്പെടെയുള്ള അപകടകരമായ ഇന്ധനത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന വായുമലിനീകരണ തോത് കുറയ്ക്കേണ്ടതുണ്ട്.
ഡീസലിനോട് വിട പറയേണ്ടി വരുമോ; ചര്‍ച്ചയായി മന്ത്രിയുടെ നികുതി പരാമര്‍ശം

