തന്റെ ഫേസ് ബുക്ക് പോസ്റ്റിലെ ‘ ആസാദ് കാശ്മീര്‍, ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍’ തുടങ്ങിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായി മുന്‍ മന്ത്രി കെ ടി ജലീല്‍. തന്റെ കാശ്മീര്‍ യാത്രയെക്കുറിച്ച് ജലീല്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റിലാണ് പാക് അധിനവേശ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്നും, ജമ്മു ആന്റ് കാശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കാശ്മീരിനെ എന്നും കെ ടി ജലീല്‍ സൂചിപ്പിച്ചത്. ഇത് വലിയ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു.
സി പി എം തന്നെ ഈ പരാമര്‍ശത്തെ തള്ളിക്കളയുകയും കോണ്‍ഗ്രസ് ജലീല്‍ മാപ്പ് പറയണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. ബി ജെ പിയാകട്ടെ ജലീലിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തു ഇതോടെയാണ് ജലീല്‍ പോസ്റ്റ് പിന്‍വലിച്ചത്
ജലീലിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം നാളെക്കഴിഞ്ഞ് മറ്റന്നാള്‍ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങള്‍ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു. നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയില്‍ കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്‍മക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിന്‍വലിച്ചതായി അറിയിക്കുന്നു.
ജയ് ഹിന്ദ്.