മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് യോഗം വിളിക്കാനൊരുങ്ങി സിപിഐഎം.ഓഫിസ് പ്രവർത്തനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.മന്ത്രിമാർക്കെതിരായ സിപിഐഎം സംസ്ഥാന സമിതി വിമർശനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.സംസ്ഥാന സമിതിയിലെ വിമർശനങ്ങൾക്കു മറുപടി പറയവേ മന്ത്രിമാരുടെ ഓഫിസുകളിലെ പെരുമാറ്റം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നു മന്ത്രിമാരെ മുഖ്യമന്ത്രി ഓർമപ്പെടുത്തിയിരുന്നു. പെരുമാറ്റത്തിൽ ശ്രദ്ധിക്കണം. ഓഫിസിലെത്തുന്ന ജനങ്ങളെ മടുപ്പിക്കുന്ന തരത്തിൽ പെരുമാറരുതെന്ന ഉപദേശവും നൽകി. ഓഫിസുകളിൽ സംഭവിച്ച വീഴ്ച തിരുത്തുന്നതിന്റെ ഭാഗമാണ് പഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം.ഭരണ രംഗത്തെ പരിചയക്കുറവ് മറികടക്കാനായി പുതിയ മന്ത്രിമാർ ശ്രമിക്കുന്നുണ്ട്. എന്നാൽ ഫലപ്രാപ്തിയിൽ സംശയമുണ്ട്. മന്ത്രിമാർ അവരുടെ വകുപ്പുകളിൽ ഒതുങ്ങുന്ന സ്ഥിതിയും ഉണ്ട്. പൊതു രാഷ്ട്രീയ വിഷയങ്ങളിൽ പാർട്ടിയെ പ്രതിരോധിക്കുന്നതും മന്ത്രിമാരുടെ കടമകളിൽ പെടും. എന്നാൽ ഇത്തരമൊരു പ്രവർത്തനത്തിലേക്ക് മന്ത്രിമാർ എത്തുന്നില്ലെന്ന വിലയിരുത്തലാണ് സിപിഐഎം നടപടി.സർക്കാർ അധികാരത്തിലെത്തിയ ശേഷം ഒരു തവണ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചിരുന്നു. അന്ന് കോടിയേരിയും എസ്.രാമചന്ദ്രൻ പിള്ളയും എം.എ.ബേബിയുമായിരുന്നു പങ്കെടുത്തത്.