ഫാര്‍മസിസ്റ്റ് ഗ്രേഡ് II : അഭിമുഖം 19 ന്
കോഴിക്കോട് ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (എന്‍ സി എ – ഹിന്ദു നാടാര്‍) (കാറ്റഗറി നം 043/2019) തസ്തികയുടെ 2020 മാര്‍ച്ച് 23 നുളള ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം ആഗസ്റ്റ് 19ന് രാവിലെ 9.30 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. കോവിഡ് 19 രോഗ വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കാന്‍ പാടുളളൂ. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി വെബ് സൈറ്റില്‍ നിന്നും കോവിഡ് 19 ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത്് പൂരിപ്പിച്ച് അപ് ലോഡ് ചെയ്യണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കുന്നതല്ല.
സുഭിക്ഷ കേരളം പദ്ധതി:
ഹോര്‍ട്ടികോര്‍പ്പ് ജില്ലയില്‍ 5 പുതിയ വില്‍പ്പന
കേന്ദ്രങ്ങള്‍ തുറക്കും
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഉല്‍പാദിപ്പിക്കുന്ന കര്‍ഷകരുടെ പച്ചക്കറികള്‍ക്ക് വിപണി കണ്ടെത്താന്‍ ഹോര്‍ട്ടികോര്‍പ്പ് ജില്ലയില്‍ പുതുതായി 5 സ്റ്റാളുകള്‍ ഓണത്തിനു മുമ്പായി തുറക്കുമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്ക് മിതമായ വിലയില്‍ പച്ചക്കറി ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കോര്‍പ്പറേഷനില്‍ ചേവരമ്പലവും, നരിക്കുനി, പേരാമ്പ്ര, വില്യാപ്പള്ളി, ആയഞ്ചേരി പഞ്ചായത്തിലെ തണ്ണീര്‍പന്തല്‍ എന്നിവിടങ്ങളിലാണ് കൃഷി വകുപ്പ് മന്ത്രി. അഡ്വ. വി.എസ്. സുനില്‍കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ഹോര്‍ട്ടികോര്‍പ്പ് പുതിയ സ്റ്റാളുകള്‍ തുറക്കുന്നത്.
നിലവില്‍ ഹോര്‍ട്ടികോര്‍പ്പിന് വേങ്ങേരി, കക്കോടി, അത്തോളി, എലത്തൂര്‍, കൊയിലാണ്ടി, തോടന്നൂര്‍, മൊകേരി എന്നിവിടങ്ങളിലാണ് സ്റ്റാളുകള്‍ ഉള്ളത്. ഇതില്‍ കുന്നുമ്മല്‍ പഞ്ചായത്തില്‍ ആരംഭിച്ച മൊകേരി സ്റ്റാള്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ തുടങ്ങിയതാണ്. ഇതോടെ ജില്ലയിലെ ഹോര്‍ട്ടികോര്‍പ്പിന്റെ വില്‍പ്പന കേന്ദ്രങ്ങളുടെ എണ്ണം 12 ആയെന്ന് ഹോര്‍ട്ടികോര്‍പ്പ് കോഴിക്കോട് റീജണല്‍ മാനേജര്‍ ഷാജി. ടി.ആര്‍ അറിയിച്ചു
അപേക്ഷ ക്ഷണിച്ചു
കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ആട്ടിന്‍കൂട്, പശുതൊഴുത്ത്, കോഴിക്കൂട്, കിണര്‍, കമ്പോസ്റ്റ് കുഴി, അസോളടാങ്ക്, കുളം നിര്‍മ്മാണം, കിണര്‍ പുനര്‍ജ്ജീവനം എന്നിവക്ക് സഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കാക്കൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെ തൊഴിലുറപ്പ് പദ്ധതി ഓഫീസുമായോ വില്ലേജ് എക്സറ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍ 0495 2260232.

