കോഴിക്കോട്: ‘4 മാസത്തിനിടെ അൻപതിലേറെ തവണ ഞാൻ വിവിധ ഓഫിസുകൾ കയറി ഇറങ്ങിയിട്ടുണ്ടെന്ന് മെഡിക്കൽ കോളജ് ഐസിയുവിൽ ലൈംഗിക അതിക്രമത്തിനിരയായ യുവതി. ശസ്ത്രക്രിയയുടെ വേദന മാറും മുൻപ് മന്ത്രിക്കും കലക്ടർക്കും കമ്മിഷണർക്കും മുൻപിൽ നീതി തേടി ചെല്ലേണ്ടി വന്നു. എന്നാൽ പ്രതികൾക്കെതിരെ എന്തെങ്കിലും നടപടി ഉണ്ടാകണമെങ്കിൽ ഓരോ തവണയും നടക്കേണ്ട അവസ്ഥയാണെന്ന് യുവതിവ്യക്തമാക്കുന്നു.
ഇതാണോ നമ്മുടെ സ്ത്രീ സുരക്ഷ? അതിക്രമത്തിനെതിരെ പരാതിപ്പെട്ടാൽ ഇതാണ് അവസ്ഥയെങ്കിൽ ഇനി ആരെങ്കിലും പരാതിപ്പെടാൻ വരുമോ?’.ശസ്ത്രക്രിയയ്ക്കു ശേഷമുള്ള മയക്കത്തിനിടെ മെഡിക്കൽ കോളജിലെ അറ്റൻഡർ എം.കെ.ശശീന്ദ്രൻ ലൈംഗിക അതിക്രമം നടത്തിയതായാണു യുവതിയുടെ പരാതി. പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും തുടർനടപടികൾ വൈക്കുകയാണ്.
ഏറ്റവും ഒടുവിൽ വനിതാ കമ്മിഷനു മുൻപിലെത്തിയപ്പോഴും തനിക്കു നേരിടേണ്ടി വന്നതു ദുരനുഭവം തന്നെയാണെന്ന് അതിജീവിത പറയുന്നു. ലൈംഗിക അതിക്രമമുണ്ടായതിലും, പ്രതിയുടെ സഹപ്രവർത്തകരായ 5 വനിതകൾ കേസ് പിൻവലിക്കാൻ തന്നെ സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിലും മെഡിക്കൽ കോളജിൽ നിന്നു വനിതാ കമ്മിഷൻ റിപ്പോർട്ട് തേടിയിട്ട് 45 ദിവസമായി.
ഇതുവരെ റിപ്പോർട്ട് നൽകാൻ മെഡിക്കൽ കോളജ് അധികൃതർ തയാറായിട്ടില്ല. രണ്ടു തവണയാണു തന്നെ വനിതാ കമ്മിഷൻ അദാലത്തിലേക്കു വിളിപ്പിച്ചത്. രണ്ടു തവണയും താൻ ചെന്നെങ്കിലും മെഡിക്കൽ കോളജിന്റെ ഭാഗത്തു നിന്നു മറുപടിയുണ്ടായില്ല. നോട്ടിസ് അയച്ചെന്നു വനിതാ കമ്മിഷനും, കിട്ടിയിട്ടില്ലെന്നു മെഡിക്കൽ കോളജ് അധികൃതരും പറയുന്നു. കഴിഞ്ഞ മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം.
‘