കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചത് നിര്‍ഭാഗ്യകരം, കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കും; മുഖ്യമന്ത്രി
ചാവശ്ശേരിയില്‍ ആക്രി പെറുക്കുന്നതിനിടെ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് ആസ്സം സ്വദേശികള്‍ കൊല്ലപ്പെട്ട സംഭവം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംഭവത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനാകാത്ത സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സണ്ണി എബ്രഹാമാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേദിക്കുകയായിരുന്നു
ബോംബ് നിര്‍മിച്ചത് ആരെന്നും ആരെ ലക്ഷ്യമിട്ടെന്നും കണ്ടെത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്‌ഫോടനം നടന്നത് സിപിഎം കേന്ദ്രത്തിലാണ്. സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.
‘ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവര്‍ കണ്ടെത്തിയ ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ ശേഖരിച്ച് സൂക്ഷിച്ചപ്പോള്‍ സ്ഫോടനമുണ്ടാവുകയും രണ്ടു പേര്‍ മരണമടയുകയും ചെയ്തത് തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ഇത്തരം ശക്തികള്‍ പരസ്പരം പകപോക്കലിനായി സംഭരിച്ചതും ഉപേക്ഷിച്ചതുമായ ആയുധങ്ങളും മറ്റും എവിടെനിന്ന് ലഭ്യമായി, എന്താണ് അതിന്റെ ഉറവിടം എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ കണ്ടെത്താന്‍ ജാഗ്രതയോടെയുള്ള അന്വേഷണം പോലീസ് നടത്തുകയും കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിഷയദാരിദ്ര്യമാണ് ഈ പ്രമേയ നോട്ടീസിന് കാരണമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഒരു ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായി. അതില്‍ കൃത്യമായ അന്വേഷണം നടക്കും. അതിന്റെ മറ പിടിച്ച് രാഷ്ട്രീയ നിലപാട് ഈ സഭയില്‍ ഉന്നയിക്കാനാണ് അവതാരകന്‍ ശ്രമിച്ചുകാണുന്നത്. ഈ നോട്ടീസില്‍ ‘സിപിഎം കേന്ദ്രത്തില്‍നിന്ന്’ എന്ന് ഒരിടത്തു പറയുന്നു. മറ്റൊരിടത്തും ഒരു രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചും പരാമര്‍ശിച്ചില്ല. എന്തേ അതൊക്കെ അരാഷ്ട്രീയ ബോംബാണോ? അവിടെയാണ് കോണ്‍ഗ്രസിന്റെ ആര്‍എസ്എസ് ബന്ധവും വര്‍ഗീയ ശക്തികളോടുള്ള അമിതമായ താല്‍പര്യവും തെളിയുന്നത്. കണ്ണൂര്‍ ജില്ലയില്‍ സമാധാനത്തിന് ഭംഗമുണ്ടാക്കാന്‍ ശ്രമിക്കുന്നത് സിപിഎമ്മല്ല. ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നത് ആര്‍എസ്എസ്, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവരാണ്. ഇവരെക്കുറിച്ച് എന്തേ നോട്ടീസില്‍ ഒരക്ഷരം പരാമര്‍ശിച്ചില്ല?’ പിണറായി വിജയന്‍ നിയമസഭയില്‍ വിശദീകരിച്ചു.