തമിഴ്നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം നരുവാമൂട് സ്വദേശി കിരണിന്റേതെന്ന് അച്ഛന്‍. കിരണ്‍ ആത്മഹത്യ ചെയ്തതല്ലെന്നും അപായപ്പെടുത്തിയതാണെന്നും കിരണിന്റെ അച്ഛന്‍ പറഞ്ഞു. ഇടതുകൈയിലെയും കാലുകളിലെയും അടയാളങ്ങള്‍ കണ്ടാണ് ഇത് കിരണിന്റേതെന്ന് അച്ഛന്‍ ഉറപ്പിച്ച് പറയുന്നത്. കണ്ടെത്തിയ മൃതദേഹം കിരണിന്റേതാണെന്ന് സുഹൃത്തുക്കളും സ്ഥിരീകരിച്ചു.
കിരണ്‍ ആത്മഹത്യ ചെയ്യില്ല. വെള്ളത്തില്‍ ഇറങ്ങാന്‍ അവന് പേടിയാണ്. മകനെ കൊലപ്പെടുത്തിയത് തന്നെയാണെന്ന് അച്ഛന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സത്യാവസ്ഥ പുറത്തുവരണം. ഞങ്ങള്‍ക്ക് നീതി ലഭിക്കണം. ഇപ്പോള്‍ പിടികൂടിയത് യഥാര്‍ഥ പ്രതികളെയല്ലെന്നും യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് കുളച്ചല്‍ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇത് ആഴിമലയില്‍നിന്ന് കാണാതായ നരുവാംമൂട് സ്വദേശി കിരണിന്റേതാണോ എന്ന് സംശയമുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനായി വിഴിഞ്ഞം പൊലീസും കിരണിന്റ ബന്ധുക്കളും കുളച്ചലിലെത്തിയിരുന്നു. തുടര്‍ന്നാണ് കിരണിന്റെ മൃതദേഹം പിതാവ് തിരിച്ചറിഞ്ഞത്.
പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഇതിനിടെ രക്ഷപ്പെടാനായി കിരണ്‍ കടല്‍ത്തീരത്തേക്ക് ഓടിയെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കടല്‍ത്തീരത്തുനിന്ന് കിരണിന്റെ ചെരിപ്പുകള്‍ കണ്ടെടുത്തിരുന്നു. യുവാവ് ഓടിപ്പോകുന്ന ചില സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കിരണിനെയും സുഹൃത്തുക്കളെയും തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

