മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നത് മൂന്നാം തരംഗത്തിന്റെ മുന്നോടിയാകാമെന്ന് വിദഗ്‌ധർ. മഹാരാഷ്ട്രയിൽ ജൂലൈ മാസത്തിന്റെ ആദ്യ 11 ദിവസത്തിനിടയിൽ റിപ്പോർട്ട് ചെയ്തത് 88,130 കൊവിഡ് കേസുകളാണ്. ഇത് മൂന്നാം തരംഗത്തിന്റെ മുന്നോടിയാകാമെന്നാണ് വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയത്.
മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിൽ മാത്രമായി 3000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസമായി മുംബൈയിൽ നിന്ന് മാത്രം 600 ഓളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോലാപൂരിലെ അപൂർവമായ സാഹചര്യമാണെന്നും, വാക്‌സിനേഷൻ ശതമാനം ഏറ്റവും കൂടുതലുള്ള കോലാപൂരിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതൽ ഉള്ളതെന്നും ആരോഗ്യ രംഗത്തെ വിദഗ്‌ധർ ചൂണ്ടിക്കാട്ടി.
ഒന്നും രണ്ടും തരംഗത്തിന് മുമ്പും സമാനമായ രീതിയിൽ കേസുകളുടെ എണ്ണം കൂടിയിരുന്നുവെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.
മഹാരാഷ്ട്രയിൽ ജൂലൈ – ആഗസ്റ്റ് മാസത്തിൽ കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് ടോപെ മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ ഓക്സിജൻ ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടാനുള്ള ശ്രമത്തിലാണ് സംസ്ഥാനം