സുരക്ഷയുടെ പേരിൽ പൊതുജനങ്ങളെ ദീർഘനേരം വഴിയിൽ തടയുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്.കറുത്ത വസ്ത്രമോ, മാസ്‌കോ ധരിക്കുന്ന ആരെയും തടയരുത്. ഇത് സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡിജിപി പറഞ്ഞു.
മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. ക്രമമസമാധന വിഭാഗം എഡിജിപി, മേഖല ഐജിമാര്‍, റെയ്ഞ്ച് ഡിഐജി, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ക്കാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. ആരെയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷയൊരുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡിജിപി വാർത്താക്കുറിപ്പ് ഇറക്കിയത്. ചില പ്രത്യേക തരം വസ്ത്രങ്ങൾ പാടില്ലെന്ന നിർദേശമുണ്ടെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുകയാണ്. സുരക്ഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല. ജനങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ട്. തെറ്റായ പ്രചാരണം നിക്ഷിപ്ത താത്പര്യക്കാരുടേതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.