പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ബി ജെ പി നേതാവ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ നാട് കടത്തുമെന്ന് കുവൈത്ത്. ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം കുവൈത്തിലെ ഫഹാഹീലില്‍ ചില പ്രവാസികള്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തിയിരുന്നു. പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായ ഈജിപ്റ്റ് പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവരെ നാട് കടത്താനാണ് തീരുമാനം.
കുവൈത്തിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്ത് പ്രകടനങ്ങളോ ധര്‍ണകളോ നടത്താന്‍ അനുമതിയില്ലെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. പ്രകടനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും അവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാനുമുള്ള നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിഷേധത്തിന്റെ ഭാഗമായ പ്രവാസികള്‍ക്ക് ഇനിമേല്‍ രാജ്യത്തേക്ക് പ്രവേശിക്കാനും സാധിക്കില്ല. രാജ്യത്തെ എല്ലാ പ്രവാസികളും കുവൈത്തിലെ നിയമങ്ങള്‍ മാനിക്കണം. അവര്‍ ഒരു തരത്തിലുള്ള പ്രകടനങ്ങളിലും പങ്കെടുക്കരുതെന്നും ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.