കർണാടകയിൽ കോൺഗ്രസ് ചരിത്ര വിജയമുറപ്പിച്ചതോടെ മുഖ്യ മന്ത്രി ആരാകുമെന്ന ചർച്ച ആരംഭിച്ചു. മുതിർന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രി ആകുമെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായേക്കുമെന്നും റിപോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഡി കെ ശിവകുമാറിന് പ്രധാനപ്പെട്ട വകുപ്പുകൾ നൽകിയേക്കുമെന്നും വിവരമുണ്ട്. തിരഞ്ഞെടുപ്പിൽ കാര്യമായി സഹായിച്ച വൊക്കലിഗ സമുദായത്തേയും കോൺഗ്രസ് പരിഗണിക്കും. ഈ സമുദായത്തിൽ നിന്നുളള ഒരാളേയും ഉപമുഖ്യമന്ത്രിയായേക്കും.
ജയിച്ച എംഎൽഎമാരിൽ അധികവും സിദ്ധരാമയ്യയെ പിന്തുണക്കുന്നവരാണ്. ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ നേടി വിജയിച്ച കോൺഗ്രസിന് മുമ്പിൽ നേതാക്കൾ തമ്മിൽ തർക്കങ്ങളില്ലാതെ സർക്കാർ രൂപീകരിക്കുക എന്നത് പ്രധാനമാണ്. 2013 മുതൽ 2018 വരെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന പരിചയ സമ്പത്തുണ്ട് സിദ്ധരാമയ്യക്ക് അതുകൊണ്ട് തന്നെ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന അഭിപ്രായമാണ് പാർട്ടിയിൽ ഒരു വിഭാഗത്തിനുളളത്. അതേസമയം മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് ഖാർഗെ വ്യക്തമാക്കിയത്. കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. ജി പരമേശ്വരനും ഉപമുഖ്യമന്ത്രിയായേക്കും.

