തന്റെ ഭർത്താവിനെ കൊന്നവർക്ക് തക്കതായ ശിക്ഷ നൽകണമെന്ന് നിലമ്പൂരിൽ കൊല്ലപ്പെട്ട നാട്ടു വൈദ്യൻ ഷാബാ ഷെരീഫിന്റെ ഭാര്യ ജെബിൻ താജ്. എട്ട് മക്കളടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമാണ് നഷ്ടപ്പെട്ടതെന്നും മൃതദേഹം പോലും കിട്ടാത്തതിന്റെ വേദനയിലാണ് തങ്ങളെന്നും ജെബിൻ പറഞ്ഞു.
ചികിത്സക്കെന്ന് പറഞ്ഞാണ് ഷാബാ ഷെരീഫിനെ കൂട്ടി കൊണ്ട് പോയത്. വസന്ത നഗരിയിൽ സ്ഥിരമായി വന്നു കൊണ്ടിരുന്ന മലയാളിയാണ് കൂടി കൊണ്ട് പോയത്. മരുന്നിന്റെ ഫോർമുല ആർക്കും പറഞ്ഞു കൊടുക്കാറുണ്ടായിരുന്നില്ല. എന്നെങ്കിലും ഒരിക്കൽ തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് വർഷങ്ങൾക്കിപ്പുറം കേരളാ പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഇല്ലാതായത്. പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും, ഒരാളെയും ദ്രോഹിക്കാതെ ജീവിച്ചയാളാണ് ഷാബാ ഷെരീഫന്നും ഭാര്യ ജെബീന്‍ താജ് പറഞ്ഞു.
. സ്ഥിരമായി വന്ന് പരിചയം പുതുക്കിയാണ് വൈദ്യനെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് പോയത്. ലോഡ്ജിലേക്കെന്നായിരുന്നു ധരിപ്പിച്ചത്. പൊലീസ് അന്വേഷണത്തിനായി വന്നപ്പോഴാണ് വിവരങ്ങളറിഞ്ഞതെന്നും വൈദ്യന്റെ ബന്ധു അബ്ദുള്‍ ജലീല്‍ പ്രതികരിച്ചു.
2019 ല്‍ വൈദ്യനെ കാണാതായത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേരള പൊലീസ് ആവശ്യപ്പെടുന്ന സഹായങ്ങള്‍ നല്‍കുമെന്നും മൈസൂരു സരസ്വതിപുര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി എം രവീന്ദ്ര വ്യക്തമാക്കി.