പാലക്കാട് നഗരസഭയില്‍ ആരംഭിക്കാനിരിക്കുന്ന ബൗദ്ധിക ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രത്തിന് കെബി ഹെഡ്‌ഗെവാറിന്റെ പേര് നല്‍കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍. ഹെഡ്‌ഗെവാര്‍ സ്വാതന്ത്ര്യ സമര സേനാനിയാണെന്ന വിഷയത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നുംആര്‍എസ്എസ് ആരംഭിക്കുന്നതിന് മുന്‍പ് ഹെഡ്‌ഗെവാര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിരുന്നുവെന്നും 1921ല്‍ സ്വാതന്ത്ര്യ സമര പോരാട്ടവുമായി ബന്ധപ്പെട്ട് നിസഹകരണ സമരത്തില്‍ പങ്കെടുത്ത് ഒരു വര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു.
ഹെഡ്‌ഗെവാറിന്റെ പേരില്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന ആദ്യത്തെ പദ്ധതി അല്ല ഇതെന്നും നൈപുണ്യ കേന്ദ്രത്തിന് ഹെഡ്‌ഗേവാറിന്റെ പേര് തന്നെ നല്‍കുമെന്നും മാറ്റാന്‍ ഉദ്ദേശമില്ലെന്നും പ്രശാന്ത് പറഞ്ഞു. ഹെഡ്‌ഗെവാര്‍ ദേശീയവാദിയാണെന്നതിനും സ്വാതന്ത്ര്യ സമരസേനാനിയാണെന്നതിനും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ആളുകളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ജനങ്ങൾക്ക് ഈ കാര്യം ബോധ്യമുണ്ടെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിന്റെ നിലപാട് ഭിന്നശേഷി വിഭാഗക്കാരോടുള്ള എതിര്‍പ്പാണ്. ഇത്തരത്തില്‍ ഒരു പരിപാടി കോണ്‍ഗ്രസ് , സിപിഎം പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ നോക്കി നിന്നു. സ്വമേധയാ കേസെടുത്തിട്ടുണ്ട് എന്നാണ് പറയുന്നത്. പക്ഷേ അതില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട വകുപ്പുള്‍പ്പടെ ചേര്‍ക്കാന്‍ സാധിക്കുമായിരുന്നു. ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. ഇതില്‍ ശക്തമായ പ്രതിഷേധവുമായി ബിജെപി മുന്നോട്ട് പോകും – പ്രശാന്ത് ശിവന്‍ വ്യക്തമാക്കി. വിഷയത്തില്‍ ഭിന്നശേഷി സമൂഹത്തോട് പാലക്കാട് എംഎല്‍എ മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.