എസ് എഫ് ഐക്കെതിരെ പരോക്ഷ വിമർശനവുമായി മുഹമ്മദ് റിയാസ്. വളരും തോറും പിടിപെടാൻ സാധ്യതയുള്ള തെറ്റായ പ്രവണതകൾ ഇല്ലാതാക്കണമെന്നും യുണിയൻ ഭാരവാഹികളായാൽ എന്തോ ആയെന്നുള്ള തോന്നൽ ആർക്കും ഉണ്ടാകരുതെന്നും , താൻ പ്രമാണിത്വവും, അഹങ്കാരവും ഉണ്ടാകരുതെന്നും കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ യൂണിയൻ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. .
സ്ഥാനങ്ങൾ ലഭിക്കുമ്പോൾ അത് ചുമതലയായി കാണണം .സംഘടന ചുമതലപ്പെടുത്തിയതാണ് എന്ന ബോധം ഉണ്ടാകണം. ലഭിക്കുന്ന സ്ഥാനങ്ങൾ ഒന്നും സ്ഥായിയല്ല എന്നാണ് ആദ്യം മനസിലാക്കേണ്ടത്. ഒരു സ്ഥാനത്ത് എത്തിയാൽ സംഘാടന പ്രവർത്തനം വേണ്ടാ എന്ന് കരുതരുത്. അധികാരം വളരുമ്പോൾ തെറ്റായ പ്രവണതകൾ കൂടാൻ സാധ്യതയുണ്ട്.
എസ്എഫ്ഐ ഉയർത്തിക്കാട്ടുന്ന രാഷ്ട്രീയം ക്രിത്യമായി പറയാൻ കഴിയണം. എസ്എഫ്ഐക്ക് ഒപ്പം നിൽക്കുമ്പോൾ എല്ലാവർക്കും മാതൃകയാകുന്ന രീതിയിൽ പെരുമാറുകയാണ് വേണ്ടത്. ചിലർ നന്നായി പെരുമാറുന്നവരാണ്. എന്നാൽ ചിലരുടെ പെരുമാറ്റം അത്ര നല്ലതല്ല. അങ്ങനെയുള്ളവർ തിരുത്താൻ തയ്യാറാകണമെന്നും മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

