കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് 8 ലെ പത്താം മൈലിലെ റോഡരുകിൽ സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയ സ്ഥലത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ബ്ലീച്ചിങ്ങ് പൗഡർ ഉപയോഗിച്ച് അണു നശീകരണം നടത്തി. കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ മാരായ എൻ. എൻ. നെൽസൺ, പി. ദീപിക എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ കുറേ കാലങ്ങളായി ഇത്തരം പ്രവർത്തി തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഇത് മഞ്ഞപ്പിത്ത രോഗം പടർന്നുപിടിക്കാൻ കാരണമാകുന്നുണ്ടെന്നും പോലീസിൻ്റെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഉണ്ടാകേണ്ടതുണ്ടെന്നും മെഡിക്കൽ ഓഫീസർ വി. അർച്ചന ,ഹെൽത്ത് ഇൻസ്പക്ടർ എം.ജി. സജീഷ് എന്നിവർ അറിയിച്ചു. കൂടാതെ രോഗ പ്രതിരോധത്തിനായി ആളുകൾ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും, ആഹാരത്തിനു മുമ്പും ടോയ്ലറ്റ് ഉപയോഗത്തിനുശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണമെന്നും അറിയിച്ചു.

