പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരം സമനിലയിലായതോടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്ക്കർ ട്രോഫി ഇന്ത്യക്ക്. ഓസ്ട്രേലിയയെ 2-1 ന് തോൽപ്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആദ്യ രണ്ട് ടെസ്റ്റുകളിലും ഇന്ത്യ വിജയം നേടിയപ്പോൾ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ ജയിച്ചു.
ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റിന് 175 റണ്‍സ് എന്ന സ്കോറിലെത്തിയപ്പോള്‍ ഇരു ടീമുകളും ചേർന്ന് സമനിലയിൽ പിരിയാൻ തീരുമാനിക്കുകയായിരുന്നു.
നേരത്തെ, ന്യൂസീലന്‍ഡ് ശ്രീലങ്കയെ പരാജയപ്പെടുത്തയതോടെ ഇന്ത്യ നേരത്തേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയിരുന്നു.
സ്കോര്‍: ഓസ്ട്രേലിയ: 480, രണ്ടിന് 175. ഇന്ത്യ: 571
അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് നൈറ്റ് വാച്ച്മാന് മാത്യു കുനെമാനെ (6) ആദ്യം നഷ്ടമായി . താരത്തെ അശ്വിന് വിക്കറ്റിന് മുന്നില്‍ കുരുക്കി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ട്രാവിസ് ഹെഡ് – മാര്‍നസ് ലബുഷെയ്ന് സഖ്യം 139 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 163 പന്തില്‍ നിന്ന് 90 റണ്‍സെടുത്ത ഹെഡിനെ പുറത്താക്കി അക്ഷര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ വന്ന നായകന് സ്റ്റീവ് സ്മിത്ത് 59 പന്തുകളില്‍ നിന്ന് 10 റണ്‍സുമായി പ്രതിരോധിച്ചതോടെ മത്സരം സമനിലയിലേക്ക് നീങ്ങുകയായിരുന്നു. ലബൂഷെയ്ന് 213 പന്തുകളില്‍ നിന്ന് 63 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി അക്ഷര്‍ പട്ടേലും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
നേരത്തെ വിരാട് കോലിയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ സെഞ്ചുറികളുടെ മികവില്‍ 571 റണ്‍സെടുത്ത ഇന്ത്യ 91 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരുന്നു.