നിയമസഭ തെരഞ്ഞെടുപ്പില്‍ താൻ പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം വന്നത് . അതേസമയം, നേമത്ത് മത്സരിക്കില്ല എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടില്ല.
”ഈ അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 91 സീറ്റുകളില്‍ 81 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. അതില്‍ പുതുപ്പള്ളിയും ഉള്‍പ്പെടുന്നു. പുതുപ്പള്ളിയില്‍ എന്‍റെ പേരാണ് പാര്‍ട്ടി അംഗീകരിച്ചിട്ടുള്ളത്. മാറ്റിവെച്ച 10 നിയോജക മണ്ഡലങ്ങളില്‍ നേമം ഉള്‍പ്പടെയുള്ള മണ്ഡലങ്ങളാണ്. ഈ സാഹചര്യത്തില്‍ നേമത്തെക്കുറിച്ച് നിരവധി വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. പല നേതാക്കളുടെയും പേരുകള്‍ വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചെടുത്തോളം ദേശീയ നേതൃത്വമോ സംസ്ഥാന നേതൃത്വമോ നേമത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഒരു തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് ഇവിടെ ഈ ബഹളങ്ങളൊക്കെ ഉണ്ടായിരിക്കുന്നത്.” ഉമ്മന്‍ ചാണ്ടി പറഞ്ഞു.